അമേരിക്കയുടെ കൊടുംചതി! ചരക്കുകപ്പലിൽ അയച്ചത് 284 ടൺ വിഷമാലിന്യം; തിരിച്ചയച്ച് തായ്‌ലൻഡ്
ബാങ്കോക്ക്: അമേരിക്കയിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 284 ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ തായ്ലൻഡ് പിടിച്ചെടുത്തു. പിടിച്ചെടുത്ത മാലിന്യങ്ങൾ ഉടൻ തന്നെ അമേരിക്കയിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു.
ലാം ചബാംഗ് തുറമുഖത്തെത്തിയ 12 കണ്ടെയ്നറുകളിലാണ് ഇത്രയും വലിയ തോതിൽ മാലിന്യം കണ്ടെത്തിയത്. ഹെയ്തിയിൽ നിന്നുള്ള ലോഹക്കഷണങ്ങൾ എന്ന പേരിലാണ് ഈ കണ്ടെയ്നറുകൾ എത്തിയത്. എന്നാൽ രഹസ്യവിവരത്തെത്തുടർന്ന് കസ്റ്റംസും ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷനും നടത്തിയ സംയുക്ത പരിശോധനയിൽ ഇവ അപകടകാരികളായ ഇലക്ട്രോണിക് മാലിന്യങ്ങളാണെന്ന് തെളിയുകയായിരുന്നു. കമ്പ്യൂട്ടർ ഭാഗങ്ങൾ, സർക്യൂട്ട് ബോർഡുകൾ തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്.
അപകടകരമായ മാലിന്യങ്ങൾ അതിർത്തി കടത്തിക്കൊണ്ടുപോകുന്നത് നിയന്ത്രിക്കുന്ന ‘ബാസൽ കൺവെൻഷൻ’ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഈ നിയമമനുസരിച്ച്, അനധികൃതമായി എത്തുന്ന മാലിന്യങ്ങൾ അവയുടെ ഉറവിട രാജ്യത്തേക്ക് തന്നെ കയറ്റുമതിക്കാരന്റെ ചിലവിൽ തിരിച്ചയക്കേണ്ടതുണ്ട്.
വികസിത രാജ്യങ്ങൾ അവരുടെ ഇലക്ട്രോണിക് മാലിന്യങ്ങൾ സംസ്കരണത്തിനായി തായ്ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് തള്ളുന്നത് പതിവാണ്. ഇത് തടയാൻ തായ്ലൻഡ് 2020 മുതൽ കർശനമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. “തായ്ലൻഡ് ഇനി ലോകത്തിന്റെ ഡംപിംഗ് ഗ്രൗണ്ട് ആകില്ല,” എന്ന് തായ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2020-ൽ ഇ-മാലിന്യ ഇറക്കുമതി നിരോധിച്ച തായ്ലൻഡ്, 2025-ഓടെ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നു. ബാസൽ ആക്ഷൻ നെറ്റ്‌വർക്ക് എന്ന അന്താരാഷ്ട്ര സംഘടന നൽകിയ മുന്നറിയിപ്പാണ് ഈ വൻ മാലിന്യക്കടത്ത് തടയാൻ സഹായിച്ചത്. ഇനിയും കൂടുതൽ കണ്ടെയ്നറുകൾ പരിശോധനയിലാണെന്നും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തായ്ലൻഡ് ഉപപ്രധാനമന്ത്രി സുചാർട്ട് ചോംക്ലിൻ പറഞ്ഞു.