മോദി വീണ്ടും ലോകപ്രിയൻ: 68% റേറ്റിങ്ങുമായി ഒന്നാമത്; ട്രംപിന് ലഭിച്ചത് 39% മാത്രം
ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും ജനപ്രിയനായ നേതാവെന്ന പദവി നിലനിർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ ‘മോർണിങ് കൺസൾട്ട്’ പുറത്തുവിട്ട ഏറ്റവും പുതിയ സർവേ ഫലപ്രദപ്രകാരം 68 ശതമാനം അംഗീകാര റേറ്റിങ്ങോടെയാണ് മോദി പട്ടികയിൽ ഒന്നാമതെത്തിയത്.
മാർച്ച് 2 മുതൽ 8 വരെയുള്ള കണക്കുകൾ പ്രകാരം നടത്തിയ സർവേയിൽ 26 ശതമാനം പേർ മോദിയെ എതിർത്തപ്പോൾ, 6 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല. കഴിഞ്ഞ വർഷം ഇതേ ഏജൻസിയുടെ സർവേയിൽ 75 ശതമാനം റേറ്റിങ് നേടി മോദി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സജീവമായ മോദി, ഈ വർഷം ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്സിനെ തികയ്ക്കുന്ന ആദ്യ ആഗോള നേതാവെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡ് നേതാവ് ഗൈ പാർമെലിൻ 62 ശതമാനം അംഗീകാര റേറ്റിങ് നേടി. സമാനമായ അംഗീകാര റേറ്റിങ്ങുമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ്-മ്യുങ് മൂന്നാം സ്ഥാനത്തുണ്ട്. എന്നാൽ 30 ശതമാനം നിരാകരണ റേറ്റിങ് ഇദ്ദേഹത്തിനുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 39 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് സർവേയിൽ ലഭിച്ചത്. ഇറാനുമായുള്ള യുദ്ധസാഹചര്യങ്ങൾക്കിടയിലാണ് ട്രംപിന്റെ റേറ്റിങ് പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി 55 ശതമാനം പിന്തുണയോടെ ഏഴാം സ്ഥാനത്തെത്തി. അതേസമയം, പട്ടികയിൽ ഏറ്റവും പിന്നിലായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് 17 ശതമാനം പേരുടെ പിന്തുണ മാത്രമാണ് നേടാനായത്. 75 ശതമാനം പേരും മാക്രോണിന്റെ ഭരണത്തെ എതിർത്തു.
ഓരോ രാജ്യത്തെയും മുതിർന്ന പൗരന്മാർക്കിടയിൽ നടത്തിയ ഏഴ് ദിവസത്തെ സിമ്പിൾ മൂവിങ് ആവറേജ് അടിസ്ഥാനമാക്കിയാണ് റേറ്റിങ്ങുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് മോർണിങ് കൺസൾട്ട് വ്യക്തമാക്കി.