ഗ്യാസ് തീർന്നോ? കൊച്ചിയിലെ ഹോട്ടലുകളിൽ ഭക്ഷണം കിട്ടുമോ എന്ന് അറിയൻ ‘ഗ്യാസ് ഉണ്ടോ’ ലൈവ് മാപ്പ്
കൊച്ചി: നഗരത്തിൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്കായി പുതിയ ഡിജിറ്റൽ പരിഹാരവുമായി രണ്ട് സോഫ്റ്റ്വേർ എൻജിനീയർമാർ. കൊച്ചിയിലെ ഏതൊക്കെ റസ്റ്ററന്റുകളിൽ ഭക്ഷണം ലഭ്യമാണ്, എവിടെയൊക്കെ പരിമിതമായ മെനു മാത്രമേയുള്ളൂ തുടങ്ങിയ വിവരങ്ങൾ തത്സമയം അറിയാൻ സഹായിക്കുന്ന ‘ഗ്യാസ് ഉണ്ടോ’ എന്ന ലൈവ് മാപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സോഫ്റ്റ്വേർ എൻജിനീയർമാരായ വൈശാഖ് സുരേഷ്, വി വിശ്വനാഥ കർത്ത എന്നിവർ ചേർന്നാണ് വെബ്സൈറ്റ് വികസിപ്പിച്ചത്. ഒരിക്കൽ 30 ഓളം പേരുള്ള സംഘത്തോടൊപ്പം അത്താഴത്തിന് പോയപ്പോൾ, ഗ്യാസ് തീർന്നതിനാൽ ഭക്ഷണം ലഭിക്കാതെ മടങ്ങേണ്ടി വന്ന ദുരനുഭവമാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് ഇവർ പറയുന്നു.
പൂർണമായും ജനകീയ പങ്കാളിത്തത്തോടെയാണ് ഈ ഭൂപടം പ്രവർത്തിക്കുന്നത്. ഒരു റസ്റ്ററന്റിലെത്തുന്ന വ്യക്തിക്ക് അവിടെ ഭക്ഷണം ലഭ്യമാണോ അല്ലയോ എന്ന് മാപ്പിൽ രേഖപ്പെടുത്താം. ഗ്യാസ് ഇല്ലാത്തതിനാൽ ഇൻഡക്ഷൻ കുക്കറിലേക്കും വിറകടുപ്പിലേക്കും മാറിയ ഹോട്ടലുകളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കും. ഭക്ഷണം തേടി നഗരത്തിലുടനീളം അലഞ്ഞ് ഇന്ധനവും സമയവും പാഴാക്കുന്നത് ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നിലവിൽ കൊച്ചി നഗരത്തിലെ 2488 റസ്റ്ററന്റുകളാണ് മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് www.gasundo.live എന്ന വെബ്സൈറ്റ് വഴി സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. എൽപിജി ക്ഷാമം നഗരത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ ഭക്ഷണപ്രിയർക്കും ഹോട്ടലുടമകൾക്കും ഒരുപോലെ ആശ്വാസമാവുകയാണ് ഈ വേറിട്ട സംരംഭം.