പാചകവാതകക്ഷാമം: വിറകിനും തീവില; ഒരാഴ്ചയ്ക്കിടെ വർധിച്ചത് 1500 രൂപ വരെ
ചിറ്റിലഞ്ചേരി: സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമായതോടെ ബദൽ സംവിധാനമായ വിറകിനും വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ടണ്ണിന് 1000 രൂപ മുതൽ 1500 രൂപ വരെയാണ് വർധന രേഖപ്പെടുത്തിയത്. പാചകവാതകം ലഭിക്കാത്ത സാഹചര്യത്തിൽ വീടുകളും ഹോട്ടലുകളും വിറകിലേക്ക് മാറിയതോടെ വിപണിയിൽ ആവശ്യക്കാരേറുകയും വിറകിന് കടുത്ത ലഭ്യതക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. മിക്ക വിറക് വില്ല്പനശാലകളിലും നിലവിൽ സ്റ്റോക്ക് തീർന്ന അവസ്ഥയാണ്.
വിറക് വിപണിയിലെ പ്രധാന ഇനമായ പുളിവിറകിന് ടണ്ണിന് 5,000 രൂപയിൽ നിന്ന് 6,000 രൂപയായി വില വർധിച്ചു. ഇത് കീറി ഉപയോഗയോഗ്യമാക്കി നൽകുമ്പോൾ ടണ്ണിന് 8,500 രൂപ വരെയാണ് കച്ചവടക്കാർ ഈടാക്കുന്നത്. റബ്ബർ വിറകിന് 4,000 രൂപയിൽ നിന്ന് 5,000 രൂപയായും ചുള്ളി വിറകിന് 3,800 രൂപയിൽ നിന്ന് 4,500 രൂപയായും വില ഉയർന്നു. 3,200 രൂപയുണ്ടായിരുന്ന പലതരം വിറകുകൾക്ക് ഇപ്പോൾ 4,200 രൂപ നൽകണം. ഇഷ്ടികച്ചൂളകൾക്കും മൺചൂളകൾക്കുമായി വൻതോതിൽ വിറക് കയറ്റിപ്പോകുന്നതും സാധാരണക്കാർക്ക് വിറക് ലഭിക്കുന്നത് പ്രയാസകരമാക്കുന്നു.
വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ഹോട്ടൽ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഹോട്ടലുകൾ അടച്ചിടാതിരിക്കാൻ പൊതു അടുക്കളയെന്ന മാതൃകയുമായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) മണ്ണാർക്കാട് യൂണിറ്റ് രംഗത്തെത്തി. കുന്തിപ്പുഴ, നൊട്ടമല എന്നിവിടങ്ങളിലെ ഓഡിറ്റോറിയങ്ങളും കാറ്ററിങ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിറകടുപ്പുകൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാനാണ് ഇവരുടെ തീരുമാനം. ബിരിയാണി, ചോറ്, പൊറോട്ട തുടങ്ങിയ വിഭവങ്ങൾ ഒരിടത്ത് തയ്യാറാക്കി ആവശ്യാനുസരണം ഹോട്ടലുകളിൽ എത്തിക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.