21/07/2026
[fontresizer_tawhidurrahmandear_widget]

പനയൂരിൽ മൂന്നംഗ കുടുംബത്തിന്റെ തിരോധാനം: പാൽ, പത്രം നിർത്താന്‍ ആവശ്യപ്പെട്ടു, പച്ചക്കറി സമീപത്തെ വീട്ടുകാർക്കു നൽകി; കാണാതാവലിന് പിന്നിൽ ആസൂത്രണം?

 പനയൂരിൽ മൂന്നംഗ കുടുംബത്തിന്റെ തിരോധാനം: പാൽ, പത്രം നിർത്താന്‍ ആവശ്യപ്പെട്ടു, പച്ചക്കറി സമീപത്തെ വീട്ടുകാർക്കു നൽകി; കാണാതാവലിന് പിന്നിൽ ആസൂത്രണം?

വാണിയംകുളം: പനയൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ഇവരുടെ പനയൂരിലുള്ള വീട് നിലവിൽ പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതെ വന്നതോടെ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഷൊർണൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വാഹനത്തിലാണ് മൂവരും പോയതെന്നാണ് സംശയിക്കുന്നത്. ഇവരുടെ കൈവശമുള്ള എല്ലാ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ, വീട് സ്ഥിതി ചെയ്യുന്ന പനയൂരിൽ തന്നെയാണ് അവസാനമായി ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഷൊർണൂർ സി.ഐ പി. വിഷ്ണു, എസ്.ഐ കെ.പി. അശ്വിൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

കുടുംബം വീട്ടിൽ നിന്ന് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടിലേക്ക് സ്ഥിരമായി എത്തിച്ചിരുന്ന പാൽ, പത്രം എന്നിവ ഇനി മുതൽ ആവശ്യമില്ലെന്ന് വിതരണക്കാരെ അറിയിച്ചിരുന്നു. വീട്ടിൽ അവശേഷിച്ചിരുന്ന പച്ചക്കറികൾ സമീപത്തെ വീട്ടുകാർക്ക് നൽകുകയും ചെയ്തു. യാത്രയെക്കുറിച്ച് നാട്ടുകാരോട് വ്യത്യസ്തമായ കാര്യങ്ങളാണ് ഇവർ പറഞ്ഞിരുന്നത്; ഒരു വീട്ടിൽ കോട്ടയത്തേക്ക് വിവാഹത്തിന് പോകുകയാണെന്ന് പറഞ്ഞപ്പോൾ, മറ്റൊരു വീട്ടിൽ ക്ഷേത്രദർശനത്തിന് പോകുകയാണെന്നാണ് ധരിപ്പിച്ചിരുന്നത്. വീട്ടിനകത്തുണ്ടായിരുന്ന വളർത്തുകിളികൾക്ക് കുറേ ദിവസങ്ങളിലേക്ക് കഴിക്കാനുള്ള ഭക്ഷണം ഒരുമിച്ച് പാത്രത്തിൽ എടുത്തു വെച്ചിട്ടാണ് ഇവർ പോയത്. വീടിന്റെ പിൻവാതിലിന്റെ പൂട്ട് തകർത്താണ് പൊലീസ് അകത്തുകയറി പ്രാഥമിക പരിശോധന നടത്തിയത്.

Also read: