അരപ്പവന്റെ മൂക്കുത്തിക്കായി 66-കാരിയെ തലയ്ക്കടിച്ചു കൊന്നു; മൃതദേഹം കുളിമുറിയിലിട്ട് കത്തിച്ച് കുഴിച്ചുമൂടി; 19-കാരൻ പിടിയിൽ
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വയോധികയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. വടകരപ്പതി ആട്ടയാമ്പതി ന്യൂകോളനിയിൽ താമസിക്കുന്ന സരസാൾ (66) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയായ എസ്. ഉദയകുമാറിനെ (19) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. പകുതി കരിഞ്ഞ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ പ്രതിയുടെ വീട്ടുപറമ്പിൽ നിന്ന് പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂൺ 10 മുതൽ സരസാളിനെ കാണാനില്ലെന്ന് കോയമ്പത്തൂരിലുള്ള മകൾ ബേബി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
ജൂൺ 10-ന് രാവിലെ 11 മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. ആട്ടയാമ്പതി ന്യൂകോളനിയിൽ ഒഴിഞ്ഞുകിടക്കുന്ന അങ്കണവാടി കെട്ടിടത്തിലാണ് സരസാൾ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ഉദയകുമാറും സഹോദരനും സരസാളിന് നൽകാനുണ്ടായിരുന്ന പണം തിരികെ ചോദിക്കാനായി അവർ ഇവരുടെ വീട്ടിലെത്തിയതായിരുന്നു. ഈ സമയം സരസാളിന്റെ മൂക്കിലുണ്ടായിരുന്ന രണ്ട് സ്വർണ്ണമൂക്കുത്തികൾ ശ്രദ്ധയിൽപ്പെട്ട പ്രതി, ഇവരെ തന്ത്രപരമായി വീടിനുള്ളിലേക്ക് വിളിച്ചുകയറ്റി. തുടർന്ന് വെട്ടുകത്തിയുടെ മൂർച്ചയില്ലാത്ത ഭാഗം ഉപയോഗിച്ച് കഴുത്തിന് പുറകിൽ പലതവണ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സരസാളിന്റെ മൂക്കുത്തികളും കൈവശമുണ്ടായിരുന്ന പണവും പ്രതി കവർന്നു. തുടർന്ന് വീടിന് മുന്നിലെ കുളിമുറിയിലിട്ട് മൃതദേഹം കത്തിക്കുകയും, അവശിഷ്ടങ്ങൾ ചാക്കിൽ കെട്ടി വീടിന് പിന്നിൽ കുഴിച്ചുമൂടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സരസാളിനെ കാണാതായതോടെ പോലീസ് പ്രദേശവാസികളെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ സംശയമുള്ളവരുടെ പട്ടികയിലുണ്ടായിരുന്ന ഉദയകുമാറിന്റെ ഫോൺ സ്വിച്ച് ഓഫാകുകയും ഇയാൾ വീട്ടിൽ വരാതിരിക്കുകയും ചെയ്തത് പോലീസിന് സംശയത്തിനിടയാക്കി. തുടർന്ന് ഇയാളെ കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രതിയെ സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതിനൊപ്പം മറ്റൊരു പോലീസ് സംഘം ഉദയകുമാറിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പുറത്തെ കുളിമുറിയിൽ മൃതദേഹം കത്തിച്ചതിന്റെ കരിപുരണ്ട അടയാളങ്ങളും ചില മൃതദേഹാവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി. തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വീടിന് പിന്നിൽ പ്രതി കാട്ടിക്കൊടുത്ത സ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞ ശരീരഭാഗങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. കവർച്ച ചെയ്ത മൂക്കുത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഡിവൈ.എസ്.പി. എ. കുട്ടികൃഷ്ണൻ, ഇൻസ്പെക്ടർമാരായ കെ.എസ്. സന്ദീപ്, എം.എസ്. ഷാജൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നറിയാൻ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സരസാളിന്റെ ദാരുണമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.