21/07/2026
[fontresizer_tawhidurrahmandear_widget]

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയ്ക്ക് വധശിക്ഷ

 നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: നാടിനെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പോത്തുണ്ടി ബോയൻ നഗറിലെ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച കോടതി, പ്രതിക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട സുധാകരന്റെ പെൺകുട്ടികൾക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം വീതം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

പ്രതി മാനസാന്തരപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് വിധി പ്രസ്താവത്തിൽ കോടതി ചൂണ്ടിക്കാട്ടി. സുധാകരന്റെ പെൺകുട്ടികൾക്ക് ചെന്താമര ഇപ്പോഴും ഭീഷണിയാണ്. പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷമുള്ള പ്രതിയുടെ പ്രതികരണങ്ങളും ജില്ലാ നിയമസഹായ വേദിയുടെ റിപ്പോർട്ടിലെ വാദങ്ങളും കോടതി എടുത്തുപറഞ്ഞു. 2019-ൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയുടെ കേസിനെക്കുറിച്ചും പരാമർശമുണ്ടായി.

കൃത്യമായ പ്ലാനിംഗോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് വ്യക്തമാക്കുന്ന സാക്ഷിമൊഴികളുണ്ട്. ചെയ്ത ക്രൂരമായ കൊലപാതകത്തെ പ്രതി തുടർച്ചയായി ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കുറ്റകൃത്യത്തിന് ശേഷം ചെന്താമര വിഷം കഴിച്ചു എന്നതിനോ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതിനോ തെളിവുകളൊന്നുമില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. കേരളത്തിലെ കുടുംബബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നുണ്ടെന്നും ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നതോടെ ഇത്തരം ക്രൂരമായ കൊലപാതകങ്ങൾ വർധിക്കുകയാണെന്നും വിലയിരുത്തിയ കോടതി, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ഉറപ്പിച്ചു പറഞ്ഞു.

Also read: