‘അബ്ബൂ, എല്ലാവരും ചേർന്ന് തല്ലുന്നു, ഒളിച്ചിരുന്നാണ് മെസ്സേജ് അയക്കുന്നത്’; ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മദ്രസാ വിദ്യാർഥിയെ ട്രെയിനിലെ അക്രമത്തിനു പിന്നാലെ കാണാതായി
ബിഹാർ: ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മദ്രസാ വിദ്യാർത്ഥിയെ തീവണ്ടിയിൽ വെച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചതിന് പിന്നാലെ കാണാതായി. ഉത്തർപ്രദേശിലെ മൗവിലുള്ള ദാറുൽ ഉലൂം അംജദിയ്യയിൽ ഇസ്‌ലാമിക പഠനം നടത്തുന്ന ഇരുപതുകാരനായ ഫൈസാൻ അഹമ്മദ് റസയെയാണ് പൂർവാഞ്ചൽ എക്‌സ്പ്രസ്സ് തീവണ്ടിയിൽ വെച്ച് കാണാതായത്. ബിഹാറിലെ ഗോപാൽഗഞ്ച് സ്വദേശിയായ ഫൈസാൻ, തീവണ്ടിയിൽ വെച്ച് കുടുംബത്തിന് അയച്ച അവസാന സന്ദേശം തനിക്കെതിരെ നടന്ന അക്രമത്തെക്കുറിച്ചായിരുന്നു.
“അബ്ദു, ട്രെയിനിൽ വലിയൊരു വഴക്ക് നടക്കുന്നുണ്ട്… എല്ലാവരും ചേർന്ന് തല്ലുകയാണ്… ഞാൻ ഇവിടെ ഒളിച്ചിരുന്നാണ് ഈ മെസ്സേജ് അയക്കുന്നത്…” എന്നായിരുന്നു ആ വാട്‌സാപ്പ് സന്ദേശം. ഭയന്നുവിറച്ച് പിതാവിന് അയച്ച ഈ അവസാന സന്ദേശത്തിന് പിന്നാലെ ഫൈസാന്റെ ഫോൺ സ്വിച്ച് ഓഫാവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ കുടുംബം വലിയ ആശങ്കയിലാണ്.
തീവണ്ടിയിലുണ്ടായിരുന്ന ചില അക്രമിസംഘങ്ങൾ ഫൈസാനെ ലക്ഷ്യമിട്ട് ആക്രമിച്ചതാകാമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ ഗോപാൽഗഞ്ചിലെ ഫുൽവാരിയ പോലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫിസർ കുന്ദൻ കുമാർ സ്ഥിരീകരിച്ചു.
“കഴിഞ്ഞ ദിവസം രാവിലെ 6:45ന് മൗ ജംഗ്ഷനിൽ നിന്ന് ട്രെയിൻ കയറിയ ഉടനെ അവൻ ഞങ്ങളെ വിളിച്ചിരുന്നു. എന്നാൽ കൃത്യം 7:06ന് ട്രെയിനിൽ വലിയ പ്രശ്‌നമാണെന്നും താൻ ഒളിച്ചിരിക്കുകയാണെന്നുമുള്ള അവന്റെ സന്ദേശം വന്നു. അതിനുശേഷം അവനെ ഫോണിൽ കിട്ടിയിട്ടില്ല. വണ്ടി ബെൽത്താര റോഡ് കഴിഞ്ഞ് സലാംപൂർ സ്റ്റേഷനിലേക്ക് നീങ്ങുമ്പോഴാണ് അക്രമം നടന്നതെന്നാണ് കരുതുന്നത്,” ഫൈസാന്റെ പിതാവ് ഇംതിയാസ് അഹമ്മദ് റസ വിതുമ്പലോടെ പറഞ്ഞു.
“ട്രെയിൻ യാത്രയിൽ കുർത്തയും പൈജാമയും തൊപ്പിയും ഉൾപ്പെടെയുള്ള മതപരമായ അടയാളങ്ങളുള്ള വസ്ത്രങ്ങൾ ഒന്നും ധരിക്കരുതെന്ന് ഞാൻ അവനോട് പ്രത്യേകം പറഞ്ഞിരുന്നു. മൗ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഞങ്ങൾ പരിശോധിച്ചപ്പോൾ അവൻ ടി-ഷർട്ടും ജോഗേഴ്സും ധരിച്ച് ട്രെയിനിലേക്ക് കയറുന്നത് വ്യക്തമായി കാണാം. അത്രയേറെ മുൻകരുതലുകൾ എടുത്തിട്ടും എന്റെ മകന് ഇത് സംഭവിച്ചു…” മകൻ മദ്രസയിൽ നിന്ന് ഇറങ്ങിയ സമയവും സ്റ്റേഷനിൽ എത്തിയ സമയവുമെല്ലാം കുടുംബം നേരിട്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് ഊർജിതമായ അന്വേഷണം ഉണ്ടാകണമെന്നും മകനെ ജീവനോടെ തിരികെ കിട്ടണമെന്നുമാണ് പിതാവ് ആവശ്യപ്പെടുന്നത്. പെരുന്നാൾ വന്നെത്തിയിട്ടും, മകന്റെ അവസാനത്തെ ആ ഭയവിഹ്വലമായ വാക്കുകൾ നെഞ്ചിലൊതുക്കി, കണ്ണീരോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.