നാരങ്ങ പറിച്ചതിന് 12-കാരനെ തല്ലിക്കൊന്നു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, 12 പേർ അറസ്റ്റിൽ
നാരങ്ങ പറിച്ചതിന് 12-കാരനെ തല്ലിക്കൊന്നു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, 12 പേർ അറസ്റ്റിൽ
പട്ന: ബിഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചെന്നാരോപിച്ച് 12-കാരനെ തല്ലിക്കൊന്നു. നളന്ദയിലെ അസ്ഥാവൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശക്രവൺ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. ശുഭം കുമാർ എന്ന ബാലനാണ് മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ഉൾപ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ശുഭം, അയൽപക്കത്തെ മരത്തിൽ നിന്ന് താഴെ വീണ നാരങ്ങ എടുത്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. അനുവാദമില്ലാതെ നാരങ്ങ പറിച്ചെന്ന് ആരോപിച്ച് വീട്ടുടമയും പന്ത്രണ്ടോളം പേരും ചേർന്ന് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ മൃതദേഹവുമായി നാട്ടുകാർ വലിയ രീതിയിൽ പ്രതിഷേധിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും എസ്പി ഭരത് സോണി അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. നിലവിൽ പ്രദേശത്ത് സ്ഥിതിഗതികൾ ശാന്തമാണ്.