19/06/2026
[fontresizer_tawhidurrahmandear_widget]

‘കോളേജുകളിൽ രാത്രി എട്ട് മണി വരെ ക്ലാസുകൾ നടത്തണം’; വിദ്യാർഥികൾ ഉന്നത പഠനത്തിനായി പുറത്തു പോകുന്നത് തടയാനെന്ന് ബിഹാർ മുഖ്യമന്ത്രി

 ‘കോളേജുകളിൽ രാത്രി എട്ട് മണി വരെ ക്ലാസുകൾ നടത്തണം’; വിദ്യാർഥികൾ ഉന്നത പഠനത്തിനായി പുറത്തു പോകുന്നത് തടയാനെന്ന് ബിഹാർ മുഖ്യമന്ത്രി

സാമ്രാട്ട് ചൗധരി

പട്‌ന: ബിഹാറിലെ കോളേജുകളിൽ രാത്രി എട്ട് മണിവരെ ക്ലാസുകൾ നടത്തണമെന്ന നിർദേശവുമായി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. പല കോളേജ് ക്യാമ്പസുകളും രണ്ട് മണിയോടെ ക്ലാസുകൾ അവസാനിപ്പിക്കുകയും ക്യാമ്പസുകൾ വിജനമാകുകയാണെന്നും ചൗധരി പറഞ്ഞു.
വ്യാഴാഴ്ച എ.എൻ കോളെജിന്റെ സ്ഥാപകദിന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി സ്ഥാപനത്തിലെ പ്രിൻസിപ്പൽ രത്ന അമൃതുമായുള്ള സംഭാഷണം പങ്കുവെച്ചത്. “ഞാൻ അവരോട് ചോദിച്ചു, നിങ്ങളുടെ സ്ഥാപനത്തിൽ എത്ര സമയം വരെ ക്ലാസുകൾ നടക്കാറുണ്ട്? ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാമ്പസ് വിജനമാകുമെന്നാണ് അവർ പറഞ്ഞത്. ഞാനിവിടെ ഒരു അവസരമാണ് കാണുന്നത്. വൈകുന്നേരം 8 മണി വരെ ക്ലാസുകൾ തുടരട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്,” അദ്ദേഹം പറഞ്ഞു.

“ഇതൊരു വെറും വാക്കായി ആരും കാണരുത്. ഇത് സാധ്യമാകുന്ന രീതിയിലുള്ള ഒരു സംവിധാനം നിർമ്മിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി നമ്മുടെ കുട്ടികൾ പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നു. അവരുടെ ആവശ്യങ്ങൾ സ്വന്തം നാട്ടിൽ തന്നെ നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നമ്മുടെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ നാം ശക്തിപ്പെടുത്തണം,” അദ്ദേഹം വ്യക്തമാക്കി.

13 കോടി ജനസംഖ്യയുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ അപര്യപ്തമാണെന്നും എന്നാൽ ജൂലൈ മുതൽ ഇതിൽ മാറ്റങ്ങൾ ദൃശ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പൺ യൂണിവേഴ്സിറ്റികൾക്കും ഡീംഡ് യൂണിവേഴ്സിറ്റികൾക്കും പുറമെ ഇരുനൂറിലധികം കോളേജുകൾ സർക്കാർ സ്ഥാപിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ബിഹാറിലെ ജനസാന്ദ്രത കൂടുതലാണെങ്കിലും, പുതിയ സർവ്വകലാശാലകൾ തുടങ്ങുന്നതിന് സ്ഥലമില്ലായ്മ ഒരു തടസ്സമായി കാണരുതെന്ന് ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. കാബിനറ്റിലേക്ക് ഫയലുകൾ കൊണ്ടുവരാൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, അവിടെ അനുമതി വേഗത്തിൽ നൽകുകയും ഭൂമി ലഭ്യമാക്കുന്നത് ഉറപ്പാക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ സ്ഥാപിച്ച ശക്തമായ അടിത്തറയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സാമ്രാട്ട് ചൗധരി പറഞ്ഞു. ജാർഖണ്ഡ് രൂപീകരിച്ച സമയത്ത് വെറും 6,000 കോടി രൂപ മാത്രം ബജറ്റിൽ ഉണ്ടായിരുന്ന ബിഹാർ, ഇന്ന് 3.17 ലക്ഷം കോടി രൂപയുടെ ബജറ്റുള്ള സംസ്ഥാനമായി വളർന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also read: