സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത പാമ്പ്; ബിഹാറിൽ 150-ഓളം കുട്ടികൾ ആശുപത്രിയിൽ
സഹർസ: ബിഹാറിലെ സഹർസ ജില്ലയിലുള്ള ബാലുവഹ സർക്കാർ മിഡിൽ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് 150-ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സ്കൂളിൽ വിതരണം ചെയ്ത ചോറിലും പരിപ്പുകറിയിലുമാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്.
ഒരു എൻ.ജി.ഒ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. പരിസര പ്രദേശങ്ങളിലെ മറ്റു സ്കൂളുകളിലും ഇതേ എൻ.ജി.ഒ തന്നെയാണ് ഭക്ഷണം കൊടുക്കുന്നത്. ഭക്ഷണം കഴിച്ച ഉടൻ തന്നെ കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും പനിയും അനുഭവപ്പെടാൻ തുടങ്ങി. സ്കൂളിലുണ്ടായിരുന്ന 545 വിദ്യാർത്ഥികളിൽ ഏകദേശം 200 പേരോളം ഭക്ഷണം കഴിച്ച ശേഷമാണ് കറിയിൽ പാമ്പിനെ കണ്ടത്. ഇതോടെ പരിഭ്രാന്തരായ കുട്ടികളെ ഉടനടി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഭൂരിഭാഗം കുട്ടികളുടെയും നില വൈകുന്നേരത്തോടെ തൃപ്തികരമായതായും മിക്കവരും അപകടനില തരണം ചെയ്തതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ എൻ.ജി.ഒയ്ക്കും സ്കൂൾ അധികൃതർക്കും എതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു.
ബിഹാറിലെ ഉച്ചഭക്ഷണ പദ്ധതിയിൽ നേരത്തെയും സമാനമായ പരാതികൾ ഉയർന്നിട്ടുള്ള പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഏകദേശം 1.9 കോടി കുട്ടികൾ ആശ്രയിക്കുന്ന സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ നാട്ടുകാരും രക്ഷിതാക്കളും കടുത്ത പ്രതിഷേധത്തിലാണ്.