06/03/2026
[fontresizer_tawhidurrahmandear_widget]

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, മലയാളിയായ എസ്. ശ്രുതിക്ക് 18-ാം റാങ്ക്

 സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്,  മലയാളിയായ എസ്. ശ്രുതിക്ക് 18-ാം റാങ്ക്

ന്യൂഡൽഹി: 2025-ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ദേശീയതലത്തിൽ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ രാജേശ്വരി സുവേ രണ്ടാം റാങ്ക് നേടി. മലയാളികൾക്ക് അഭിമാനമായി എസ്. ശ്രുതി 18-ാം റാങ്ക് നേടി തിളക്കമാർന്ന നേട്ടം സ്വന്തമാക്കി.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി 23 വിവിധ സർവീസുകളിലായി ആകെ 958 പേരാണ് ഇത്തവണ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തിരുവനന്തപുരം സ്വദേശി ജെ.എസ്. ശ്രീജ 57-ാം റാങ്കും, കോഴിക്കോട് സ്വദേശി അജയ് ആർ. രാജ് 109-ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള അജയ് ആർ. രാജിന്റെ വിജയം ഏറെ പ്രചോദനാത്മകമാണ്. കൂടാതെ, കെഎഎസിൽ രണ്ടാം റാങ്ക് ജേതാവായ സിദ്ധാർത്ഥ് എം. ജോയി (271), മലപ്പുറം മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് അഷ്മില്‍ ഷാ(382), അതിഥി കൃഷ്ണദേവ് (451) എന്നിവരും പട്ടികയിൽ ഇടംപിടിച്ചു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച പ്രിലിമിനറി പരീക്ഷയോടെ തുടങ്ങിയ നീണ്ട കടമ്പകൾക്ക് ശേഷമാണ് ഫലം പുറത്തുവന്നത്. ഓഗസ്റ്റിൽ നടന്ന മെയിൻ പരീക്ഷയ്ക്കും ഫെബ്രുവരിയിൽ അവസാനിച്ച അഭിമുഖത്തിനും ശേഷമാണ് യുപിഎസ്‌സി അന്തിമ മെറിറ്റ് പട്ടിക തയ്യാറാക്കിയത്. 958 ഉദ്യോഗാർത്ഥികൾക്ക് നിയമനമുണ്ടാകും.

Also read: