02/04/2026
[fontresizer_tawhidurrahmandear_widget]

യുദ്ധത്തിന് മുൻപേ ലാഭം കൊയ്യാൻ പ്ലാനിട്ടു; യുദ്ധത്തിന് തൊട്ടു മുൻപ് ആയുധ കമ്പനികളിൽ നിക്ഷേപം നടത്താൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി നീക്കം നടത്തിയെന്ന് റിപ്പോർട്ട്

 യുദ്ധത്തിന് മുൻപേ ലാഭം കൊയ്യാൻ പ്ലാനിട്ടു; യുദ്ധത്തിന് തൊട്ടു മുൻപ് ആയുധ കമ്പനികളിൽ നിക്ഷേപം നടത്താൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി നീക്കം നടത്തിയെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സൈനിക നീക്കത്തിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ, പ്രമുഖ പ്രതിരോധ കമ്പനികളിൽ വൻതോതിൽ പണം നിക്ഷേപിക്കാൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ ബ്രോക്കർ ശ്രമിച്ചതായി വെളിപ്പെടുത്തൽ. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കിന്റെ പ്രതിരോധ മേഖലയിലുള്ള ഫണ്ടിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണ് മോർഗൻ സ്റ്റാൻലിയിലുള്ള ഹെഗ്‌സെത്തിന്റെ ബ്രോക്കർ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഫെബ്രുവരിയിൽ ഇറാനെതിരെ യുഎസ് സൈനിക നടപടി തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു ഈ നീക്കം. പ്രതിരോധ മേഖലയിലെ മുൻനിര കമ്പനികളായ ലോക്ഹീഡ് മാർട്ടിൻ, നോർത്ത്‌റോപ്പ് ഗ്രുമ്മൻ തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്ന ബ്ലാക്ക് റോക്കിന്റെ ‘ഡിഫൻസ് ഇൻഡസ്ട്രിയൽസ് ആക്റ്റീവ് ഇടിഎഫ്’ എന്ന ഫണ്ടിലാണ് നിക്ഷേപം നടത്താൻ ബ്രോക്കർ താൽപ്പര്യം പ്രകടിപ്പിച്ചത്. ലോകത്തിലെ തന്നെ അതിപ്രധാനമായ സൈനിക രഹസ്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിരോധ സെക്രട്ടറി, തന്റെ വകുപ്പിന്റെ കീഴിലുള്ള കമ്പനികളിൽ തന്നെ നിക്ഷേപം നടത്താൻ ശ്രമിച്ചത് വലിയ ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ബ്ലാക്ക് റോക്കിനുള്ളിൽ നടന്ന ആഭ്യന്തര പരിശോധനയിലാണ് ഉയർന്ന പദവിയിലിരിക്കുന്ന ഒരു വ്യക്തിയുടെ പേരിൽ ഇത്രയും വലിയ തുകയുടെ നിക്ഷേപ ശ്രമം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ഈ നിക്ഷേപം അന്ന് പ്രായോഗികമായി നടന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രസ്തുത ഫണ്ട് മോർഗൻ സ്റ്റാൻലിയുടെ ഇടപാടുകാർക്ക് വാങ്ങാൻ അന്ന് ലഭ്യമായിരുന്നില്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. എങ്കിലും, പ്രതിരോധ സെക്രട്ടറി എന്ന നിലയിൽ യുദ്ധം പോലുള്ള നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു സാമ്പത്തിക നീക്കം നടത്തിയത് ഇൻസൈഡർ ട്രേഡിംഗ് ആണെന്ന സംശയത്തിന് ബലമേകുന്നു. ഇറാനെതിരായ യുദ്ധത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് പീറ്റ് ഹെഗ്‌സെത്ത് എന്നതും ഈ ആരോപണത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സൈനിക നീക്കങ്ങൾ മൂലം പ്രതിരോധ കമ്പനികളുടെ ഓഹരി മൂല്യം വർദ്ധിക്കുമെന്ന് മുൻകൂട്ടി കണ്ട് വ്യക്തിപരമായ ലാഭമുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പെന്റഗൺ വക്താവ് ഷാൻ പാർനൽ പ്രതികരിച്ചു. ഹെഗ്‌സെത്തോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇത്തരമൊരു നിക്ഷേപത്തിനായി ബ്ലാക്ക് റോക്കിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങളോട് പ്രതികരിക്കാൻ ബ്ലാക്ക് റോക്കോ മോർഗൻ സ്റ്റാൻലിയോ ഇതുവരെ തയ്യാറായിട്ടില്ല. ഫോക്സ് ന്യൂസിലെ മുൻ അവതാരകനായിരുന്ന പീറ്റ് ഹെഗ്‌സെത്ത്, ട്രംപ് ഭരണകൂടത്തിലെ ഏറ്റവും കരുത്തുറ്റ ശബ്ദങ്ങളിലൊന്നാണ്. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ ഫോക്സ് ന്യൂസിൽ നിന്ന് മാത്രം കോടിക്കണക്കിന് രൂപ ശമ്പളമായും പുസ്തക റോയൽറ്റിയായും ഹെഗ്‌സെത്ത് കൈപ്പറ്റിയിട്ടുണ്ട്. 2025 ജൂണിലെ കണക്കുകൾ പ്രകാരം 29 ഓളം കമ്പനികളുടെ ഓഹരികൾ അദ്ദേഹം വിറ്റഴിച്ചിരുന്നു. എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഔദ്യോഗിക പദവിയിലിരുന്ന് ഓഹരി വിപണിയിൽ ലാഭമുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം വരും ദിവസങ്ങളിൽ ഹെഗ്‌സെത്തിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് സാധ്യത.

Also read: