‘ആർഎസ്എസിനെയും റോയെയും നിരോധിക്കണം; സ്വത്തുക്കൾ കണ്ടുകെട്ടണം’-ഗുരുതര പരാമർശങ്ങളുമായി യുഎസ് സമിതി റിപ്പോർട്ട്, തിരിച്ചടിച്ച് കേന്ദ്രം
വാഷിങ്ടണ്‍: ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യം മോശമാകുന്നു എന്നാരോപിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘിനും (ആർഎസ്എസ്) ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനും (റോ) എതിരെ ഉപരോധം ഏർപ്പെടുത്താൻ ശിപാർശ ചെയ്ത് യുഎസ് കമ്മീഷൻ. അമേരിക്കൻ ഗവൺമെന്റിന് കീഴിലുള്ള സ്വതന്ത്ര ഏജൻസിയായ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ് സിഐആർഎഫ്) ആണ് തങ്ങളുടെ 2026-ലെ റിപ്പോർട്ടിൽ ഗുരുതരമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. എന്നാൽ, റിപ്പോർട്ടിനെ കേന്ദ്ര സർക്കാർ പൂർണമായും തള്ളിക്കളഞ്ഞു. കമ്മീഷന്റേത് പക്ഷപാതപരമായ രാഷ്ട്രീയ അജണ്ടയാണെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
യുഎസ് കമ്മീഷൻ പുറത്തുവിട്ട 2026-ലെ റിപ്പോർട്ടിൽ ഇന്ത്യയെ ഏഴാം വർഷവും ‘പ്രത്യേകം ആശങ്കപ്പെടേണ്ട രാജ്യം’ (Country of Particular Concern – CPC) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
ആർഎസ്എസ്, റോ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾ മരവിപ്പിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് പാനൽ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവർക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തണം. ഇന്ത്യയുമായുള്ള ആയുധ വ്യാപാരവും ഉഭയകക്ഷി സഹകരണവും ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിലെ പുരോഗതിയുമായി ബന്ധിപ്പിക്കണം.
വിദേശ രാജ്യങ്ങളിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ട് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ നടത്തുന്ന നീക്കങ്ങളെയും റിപ്പോർട്ട് വിമർശിക്കുന്നു. മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നിയമങ്ങൾ, വഖഫ് ഭേദഗതി ബില്ല് എന്നിവ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും റിപ്പോർട്ട് ആരോപിക്കുന്നു.
അതേസമയം, റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇന്ത്യയുടെ ബഹുസ്വരതയെയും ജനാധിപത്യത്തെയും കുറിച്ച് തെറ്റായ ചിത്രം നൽകാനാണ് വർഷങ്ങളായി ഈ പാനൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“യുഎസ് കമ്മീഷന്റെ റിപ്പോർട്ട് വസ്തുതാ വിരുദ്ധവും വികലവുമാണ്. ഇന്ത്യയെ ലക്ഷ്യം വെക്കുന്നതിന് പകരം അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കുറിച്ചും ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവേചനത്തെ കുറിച്ചും അന്വേഷിക്കാനാണ് കമ്മീഷൻ തയ്യാറാകേണ്ടത്,” മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വിശ്വസനീയമല്ലാത്ത സ്രോതസ്സുകളിൽ നിന്നും പ്രത്യയശാസ്ത്രപരമായ മുൻവിധികളിൽ നിന്നുമാണ് ഇത്തരം റിപ്പോർട്ടുകൾ നിർമ്മിക്കപ്പെടുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ആർഎസ്എസിനെപ്പോലുള്ള സാംസ്കാരിക സംഘടനയെയും റോയെപ്പോലുള്ള സുരക്ഷാ ഏജൻസിയെയും ലക്ഷ്യം വെക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് സർക്കാർ കാണുന്നത്.
യുഎസ്സിഐആർഎഫ്ശിപാർശകൾ നടപ്പിലാക്കാൻ അമേരിക്കൻ ഭരണകൂടം നിയമപരമായി ബാധ്യസ്ഥരല്ല. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ ഇന്ത്യയെ കരിമ്പട്ടികയിൽ പെടുത്താൻ പാനൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ബൈഡൻ ഭരണകൂടം അത് തള്ളുകയായിരുന്നു പതിവ്. നയതന്ത്ര തലത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്ന സാഹചര്യത്തിൽ, ഇത്തരം റിപ്പോർട്ടുകൾ അനാവശ്യ പ്രകോപനമാണെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. എങ്കിലും, റിപ്പോർട്ട് രാഷ്ട്രീയമായ ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്.