യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാൾക്ക് വാഹനാപകടത്തിൽ പരിക്ക്
പെരുമ്പാവൂർ: കീഴില്ലത്ത് യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ജിബിക്കൊപ്പം താമസിച്ചിരുന്ന കോതമംഗലം സ്വദേശി ലൈജു (47) വിനെ വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. കീഴില്ലം ഷാപ്പുപടിയിൽ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിനോട് ചേർന്നുള്ള മുറിയിൽ ഏഴ് വയസ്സുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഹോട്ടൽ ജോലിക്കിടെ ഇരുവരും മുറിയിലേക്ക് പോയെങ്കിലും കുറച്ചുനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് മകൻ ചെന്നു നോക്കിയപ്പോഴാണ് ജിബിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ സമീപവാസികളും ജീവനക്കാരും ചേർന്ന് ജിബിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയ നിലയിലായിരുന്നു. കൂടാതെ കൈയിലും തലയിലും പരിക്കേറ്റ പാടുകളുമുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ ബൈക്കുമായി പുറത്തേക്ക് പോയ ലൈജുവിനെ ഉച്ചയോടെ പെരുമ്പാവൂർ പട്ടാൽ ഭാഗത്ത് കെ.എസ്.ആർ.ടി.സി. ബസിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലൈജുവും ജിബിയും കഴിഞ്ഞ 10 വർഷമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ആദ്യ വിവാഹബന്ധങ്ങൾ വേർപെടുത്തിയ ശേഷമാണ് ഇവർ ഒന്നിച്ച് താമസം തുടങ്ങിയത്. മുൻപ് ആദ്യഭാര്യയ്ക്ക് ജീവനാംശം നൽകാത്തതുമായി ബന്ധപ്പെട്ട കേസിൽ ലൈജു ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.