13/04/2026
[fontresizer_tawhidurrahmandear_widget]

വീഡിയോകോളിൽ സംസാരിക്കവേ ഭർത്താവുമായി വഴക്ക്; പിന്നാലെ ജീവനൊടുക്കി തമിഴ് നടി സുഭാഷിണി

 വീഡിയോകോളിൽ സംസാരിക്കവേ ഭർത്താവുമായി വഴക്ക്; പിന്നാലെ ജീവനൊടുക്കി തമിഴ് നടി സുഭാഷിണി

ചെന്നൈ: പ്രമുഖ തമിഴ് ടെലിവിഷൻ താരം സുഭാഷിണി (36) യെ ചെന്നൈയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കവെ ഉണ്ടായ തർക്കത്തെത്തുടർന്ന് താരം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കൻ സ്വദേശിയായ സുഭാഷിണി (സസ്വിബാല), ചെന്നൈ ഇയ്യപ്പന്തങ്കലിലെ വാടക അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്.

ഞായറാഴ്ച രാത്രി ബെംഗളൂരുവിലുള്ള ഭർത്താവ് ബിപിൻ ചന്ദ്രനുമായി വീഡിയോ കോളിൽ സംസാരിക്കവെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് ഫോൺ സംഭാഷണത്തിനിടെ തന്നെ സുഭാഷിണി അപ്പാർട്ട്‌മെന്റിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. വീഡിയോ കോളിലൂടെ ഇത് കണ്ട ബിപിൻ ഉടൻ തന്നെ അപ്പാർട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. പോരൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പൂനമല്ലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

2024 ഏപ്രിലിലായിരുന്നു സുഭാഷിണിയും ബിപിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ മരണം സംഭവിച്ചതിനാൽ നിയമപ്രകാരം റവന്യൂ ഡിവിഷണൽ ഓഫീസർ (ആർഡിഒ) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

‘കായൽ’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ സുഭാഷിണി, 2012-ൽ ‘ഇനി അവൻ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. മാർച്ച് 3-നാണ് ഷൂട്ടിങ് ആവശ്യങ്ങൾക്കായി താരം ചെന്നൈയിലെത്തിയത്. പ്രണയപൂർണമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സജീവമായിരുന്ന താരത്തിന്റെ വിയോഗം തമിഴ് ടെലിവിഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Also read: