‘അമേരിക്കയ്ക്ക് തന്ത്രപരമായ പരാജയം സംഭവിച്ചു; ഇറാൻ ആഗോളശക്തിയായും ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രബിന്ദുവായും മാറി-അലി അക്ബർ വിലായത്തി
തെഹ്റാൻ: ഇറാൻ-അമേരിക്കൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ, ലോകക്രമത്തിൽ തങ്ങളുടെ സ്ഥാനം അടിവരയിട്ട് ഇറാൻ. 40 ദിവസം നീണ്ട യുദ്ധത്തിന് ശേഷമുണ്ടായ വെടിനിർത്തൽ അമേരിക്കയുടെ ‘തന്ത്രപരമായ പരാജയമാണെന്ന്’ ഇറാൻ പരമോന്നത നേതാവിന്റെ മുതിർന്ന നയതന്ത്ര ഉപദേഷ്ടാവ് അലി അക്ബർ വിലായത്തി വിശേഷിപ്പിച്ചു. ഈ യുദ്ധത്തിലൂടെ ഇറാൻ ആഗോളശക്തിയും ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രബിന്ദുവുമായി മാറുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിൽ വന്നതിനെ അമേരിക്കയുടെ നിർബന്ധിത പിന്മാറ്റമായാണ് ഇറാൻ കാണുന്നത്. ലോകത്തെ ഏകധ്രുവ ക്രമത്തിൽനിന്ന് ബഹുധ്രുവ ക്രമത്തിലേക്ക് നയിക്കുന്നതിൽ ഇറാൻ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് വിലായത്തി അഭിപ്രായപ്പെട്ടു. ‘ലോകം ഒരു ബഹുധ്രുവ ക്രമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ പുതിയ സാഹചര്യത്തിൽ ഇറാൻ കേവലമൊരു രാജ്യം മാത്രമല്ല; മറിച്ചൊരു ആഗോളശക്തിയാണ്. അത് ഇസ്ലാമിക ധ്രുവത്തിന്റെ കേന്ദ്രബിന്ദുവായും മാറിയിരിക്കുകയാണ്’-അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്ക ഇറാന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച നിബന്ധനകൾ പരാജയപ്പെട്ടുവെന്നും ഇറാൻ ഉയർത്തിയ ശക്തമായ സൈനിക പ്രതിരോധമാണ് ട്രംപിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണികളെ അതിജീവിച്ച് ഇറാൻ നേടിയ ഈ വിജയം മേഖലയിലെ സമാധാനത്തിന് പുതിയ ദിശാബോധം നൽകും. വെടിനിർത്തൽ ലംഘിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ‘കണക്കുകൂട്ടൽ പിശകുകൾ’ വരുത്തുകയോ ചെയ്താൽ ഇറാന്റെ സൈന്യം അതിശക്തമായ രീതിയിൽ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.