30 പൈസയ്ക്ക് നിർമാണം, വിൽപന 100 രൂപയ്ക്ക്; ഭൂമിക്കടിയിൽ ഒളിപ്പിച്ച വ്യാജ മരുന്ന് ശേഖരം കണ്ടെത്തി; ആറ് പേർ പിടിയിൽ
ന്യൂഡൽഹി: ഭീകരമായ പൊതുജനാരോഗ്യ ഭീഷണി ഉയർത്തിക്കൊണ്ട് രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വ്യാജ മരുന്ന് നിർമാണ-വിതരണ ശൃംഖലയെ ക്രൈംബ്രാഞ്ച് തകർത്തു. വെറും 30 പൈസ ചെലവിൽ നിർമിക്കുന്ന മരുന്നുകൾ 100 രൂപ നിരക്കിൽ വിപണിയിലെത്തിച്ചിരുന്ന സംഘമാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരൻ നിഖിൽ അറോറ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ പത്തടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മരുന്ന് ശേഖരം. പ്രതിയായ ശിവം ത്യാഗി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജെസിബി ഉപയോഗിച്ച് നടത്തിയ ഖനനത്തിലാണ് 40,000-ത്തിലധികം ടാബ്ലെറ്റുകളും കാപ്സ്യൂളുകളും കണ്ടെടുത്തത്. പ്രമേഹം, രക്താതിമർദ്ദം, അണുബാധ തുടങ്ങിയ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെ വ്യാജ പതിപ്പുകളാണ് ഇവയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാജ മരുന്ന് കച്ചവടത്തിന് പുറമെ, 50 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പും റാക്കറ്റ് നടത്തിയിരുന്നു. ഇടപാടുകൾക്ക് നിയമസാധുത നൽകാൻ 150-ഓളം ഷെൽ കമ്പനികളാണ് ഇവർ രൂപീകരിച്ചത്. ടെലിഗ്രാം, വാട്ട്സ്ആപ്പ് വഴി വ്യാജ ഇൻവോയ്സുകൾ നിർമിച്ച് അന്തർസംസ്ഥാന തലത്തിൽ വിതരണം സുഗമമാക്കി. ഡൽഹിയിലെ ഭഗീരഥ് പാലസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രധാന വിപണനം.
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 1000 ചതുരശ്ര യാർഡിൽ പ്രവർത്തിച്ചിരുന്ന അനധികൃത നിർമാണ യൂണിറ്റും പോലീസ് കണ്ടെത്തി. ഒളിവിലുള്ള മുഹമ്മദ് അക്ദാസ് സിദ്ദിഖിയാണ് ഇത് നടത്തിയിരുന്നത്. യഥാർത്ഥ ബ്രാൻഡുകളെ വെല്ലുന്ന പാക്കേജിങ്ങും കുറഞ്ഞ വിലയും കാരണം വിപണിയിൽ ഇവ തിരിച്ചറിയുക അസാധ്യമായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.