ദുരന്തഭൂമിയായി ഹൈഫ, ഇറാൻ ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ; മരണം നാലായി
തെൽ അവീവ്: ഇറാന്റെ മിസൈൽ വർഷത്തിൽ വിറങ്ങലിച്ച് ഇസ്രയേലിലെ ഹൈഫ നഗരം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനു പിന്നാലെ രക്ഷാപ്രവർത്തകർ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഒരു വയോധിക ദമ്പതികൾ, അവരുടെ മകൻ, മകന്റെ പങ്കാളി എന്നിവരാണ് കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇവരെ ജീവനോടെ പുറത്തെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ പരിശ്രമിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഹൈഫയിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഒരു ബഹുനില കെട്ടിടത്തിന്റെ മേൽക്കൂരകൾ ഒന്നിനുപുറകെ ഒന്നായി തകർന്നു വീഴുകയായിരുന്നു. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് സ്ലാബുകൾക്കിടയിലെ വിടവുകളിലൂടെയാണ് രക്ഷാപ്രവർത്തകർ ഉള്ളിലെത്തിയത്. എന്നാൽ, കണ്ടെടുത്ത നാലുപേർക്കും അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. 82 വയസ്സുകാരനായ മറ്റൊരു താമസക്കാരനെ പരിക്കുകളോടെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
മിസൈൽ നേരിട്ട് പതിച്ച കെട്ടിടം പൂർണമായും തകർന്നു. മിസൈലിന്റെ ചില ഭാഗങ്ങൾ പൊട്ടിത്തെറിക്കാതെ കെട്ടിടത്തിനുള്ളിൽ അവശേഷിക്കുന്നുണ്ടെന്ന സംശയം രക്ഷാപ്രവർത്തനത്തിന് വലിയ തടസമായിരുന്നു. കൂടുതൽ സ്ഫോടനങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയാണ് ഹോം ഫ്രണ്ട് കമാൻഡ് തിരച്ചിൽ പൂർത്തിയാക്കിയത്. ‘ചില തറകൾ ഒന്നിനുമേൽ ഒന്നായി അടുക്കിവെച്ച നിലയിലായിരുന്നു. ഓരോ വിടവിലൂടെയും സൂക്ഷ്മമായി പരിശോധിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്,’ കോസ്റ്റൽ സെക്ടർ കമാൻഡർ ലെഫ്റ്റനന്റ് കേണൽ അമിചായി കേദാർ പറഞ്ഞു.
നഹാരിയയിൽ നടന്ന ആക്രമണങ്ങളെത്തുടർന്ന് സുരക്ഷിതത്വം തേടി ഹൈഫയിലെ പിതാവിന്റെ വീട്ടിലെത്തിയ ഷാനി കൂപ്പർ എന്ന യുവതിക്ക് തന്റെ കൺമുന്നിലാണ് ഈ ദുരന്തം കാണേണ്ടി വന്നത്. മിസൈൽ പതിച്ചതിന് രണ്ട് കെട്ടിടങ്ങൾ അപ്പുറമായിരുന്നു ഷാനിയുടെ പിതാവിന്റെ വീട്. സൈറൺ മുഴങ്ങിയപ്പോൾ തന്നെ ഷെൽട്ടറുകളിലേക്ക് മാറിയതുകൊണ്ടാണ് ഷാനിയും കുടുംബവും രക്ഷപ്പെട്ടത്. എങ്കിലും സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ അവരുടെ കെട്ടിടവും കുലുങ്ങുകയും ജനാലകൾ തകരുകയും ചെയ്തു.