യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ടും ഇറാൻ; മിസൈൽ വർഷത്തിൽ ആമസോൺ ക്ലൗഡ് സെന്റർ തകർന്നു
മനാമ/തെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ആഗോള സാങ്കേതിക ഭീമനായ ആമസോണിന് നേരെ ഇറാന്റെ കനത്ത പ്രഹരം. ബഹ്റൈനിലെ ആമസോൺ വെബ് സർവീസസിന്റെ(എഡബ്ല്യൂഎസ്) ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ആമസോണിന്റെ ഡാറ്റാ സെന്ററുകൾക്കും അനുബന്ധ സംവിധാനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിന് സാങ്കേതിക പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈനിലെ ആമസോൺ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായത്. ആമസോൺ വെബ് സർവീസസിന് മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഹബ്ബുകളിൽ ഒന്നാണ് ബഹ്റൈനിലേത്. ആക്രമണം മേഖലയിലെ ഡിജിറ്റൽ സേവനങ്ങളെയും ബാങ്കിങ് സംവിധാനങ്ങളെയും ബാധിച്ചേക്കാം.
ആമസോൺ അധികൃതർ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, തങ്ങളുടെ ആസ്തികൾക്കും ജീവനക്കാർക്കും നേരെ നടക്കുന്ന ഇത്തരം നീക്കങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ മുന്നറിയിപ്പ് നൽകിയതുപോലെ, അമേരിക്കൻ കമ്പനികൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ തുടരുന്നത് യുദ്ധം കൂടുതൽ രൂക്ഷമാകാൻ കാരണമാകും.
നിലവിൽ മുജ്തബ ഖാംനഇയുടെ നേതൃത്വത്തിൽ ഇറാൻ പ്രതിരോധം കടുപ്പിക്കുമ്പോൾ, ആഗോള സാമ്പത്തിക ഭീമന്മാരെ ലക്ഷ്യം വെക്കുന്നതിലൂടെ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് ഇറാൻ ശ്രമിക്കുന്നത്. ഏപ്രിൽ ഒന്നിനകം ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആമസോൺ ഉൾപ്പെടെയുള്ള 18 കമ്പനികൾക്ക് ഇറാൻ അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സൈനിക നീക്കം നടന്നത്.
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിനൊപ്പം ആഗോള ക്ലൗഡ് സേവനങ്ങളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ ലോക സമ്പദ്വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.