മൊസാദ് ആസ്ഥാനം തകർത്തെന്ന് ഇറാൻ; തെൽ അവീവിൽ വൻ സ്ഫോടനമെന്ന് റിപ്പോർട്ട്; ദൃശ്യങ്ങൾ പുറത്ത്
തെൽ അവീവ്/തെഹ്റാൻ: ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ. തെൽ അവീവിലെ കേന്ദ്രമാണ് അതികൃത്യതയാർന്ന മിസൈൽ ആക്രമണത്തിലൂടെ തകർത്തെന്ന് ഇറാൻ വാർത്താ ഏജൻസിയായ ‘തസ്നീം’ റിപ്പോർട്ട് ചെയ്യുന്നത്. തെൽ അവീവിലെ മൊസാദ് ആസ്ഥാനം നാമാവശേഷമാക്കി എന്ന കുറിപ്പോടെ സ്ഫോടനത്തിന്റെ ദൃശ്യങ്ങളും മാധ്യമം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു.
നഗരമധ്യത്തിൽ ഇന്നലെ രാത്രിയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണ് ‘തസ്നീം’ പങ്കുവെച്ചത്. കെട്ടിടങ്ങൾക്കിടയിൽനിന്ന് കൂറ്റൻ തീഗോളങ്ങൾ ഉയരുന്നതും പിന്നാലെ കറുത്ത പുക ആകാശത്തേക്ക് പടരുന്നതും വീഡിയോയിൽ കാണാം. തെൽ അവീവിലെ പെറ്റ ടിക്വയിൽ ഉൾപ്പെടെയുള്ള മിസൈൽ വർഷത്തിന് പിന്നാലെയാണു പുതിയ റിപ്പോർട്ടും പുറത്തുവരുന്നത്.
ഇറാന്റെ അവകാശവാദം മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇസ്രയേൽ അധികൃതരോ ഐഡിഎഫോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മൊസാദിന്റെ ഭാഗത്തുനിന്നും ഇതുവരെ ഒരു പ്രതികരണവും വന്നിട്ടില്ല. ആക്രമണത്തിൽ എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന കാര്യത്തിൽ സ്വതന്ത്രമായ സ്ഥിരീകരണവും ലഭ്യമല്ല. പുറത്തുവിട്ട ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾ നടക്കുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധലക്ഷ്യങ്ങൾ പൂർത്തിയായെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു വൻ നീക്കം ഉണ്ടായിരിക്കുന്നത്. ഇറാന്റെ മിസൈൽ ശേഖരം അവസാനിച്ചിട്ടില്ലെന്നും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാൻ തങ്ങൾക്ക് കഴിയുമെന്നും തെളിയിക്കുകയാണ് ഇറാൻ പുതിയ ആക്രമണത്തിലൂടെ ചെയ്യുന്നതെന്ന് അന്താരാഷ്ട്രാ നിരീക്ഷകർ വിലയിരുത്തുന്നു.