03/04/2026
[fontresizer_tawhidurrahmandear_widget]

ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ ഗേറ്റ് പൂട്ടി ഇസ്രയേൽ മന്ത്രി; ബങ്കറിൽ അഭയം ചോദിച്ച നാട്ടുകാരെ പുറത്താക്കി

 ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ ഗേറ്റ് പൂട്ടി ഇസ്രയേൽ മന്ത്രി; ബങ്കറിൽ അഭയം ചോദിച്ച നാട്ടുകാരെ പുറത്താക്കി

തെല്‍ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് കുതിച്ചെത്തുമ്പോൾ, സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷാ ബങ്കറിൽ അഭയം നിഷേധിച്ച് ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രി യോവ് കിഷ്. ഇന്നലെ രാത്രി തെൽ അവീവിന് സമീപമുള്ള ഹോഡ് ഹഷാരോണിലെ മന്ത്രിയുടെ വീടിന് മുന്നിലാണ് സംഭവം. നഗരത്തിലുടനീളം അപായ സൈറണുകൾ മുഴങ്ങുകയും ആകാശത്ത് മിസൈലുകൾ തകർക്കുന്നതിന്റെ പ്രകാശവും ശബ്ദവും കേൾക്കുകയും ചെയ്യുമ്പോഴാണ് ഒരു കൂട്ടം ആളുകൾ മന്ത്രിയുടെ സ്വകാര്യ ബങ്കറിൽ കയറാൻ അനുവാദം ചോദിച്ചെത്തിയത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, പരിഭ്രാന്തരായ ആളുകൾ മന്ത്രിയുടെ അടച്ചിട്ട ഗേറ്റിന് പുറത്തുനിന്ന് നിലവിളിക്കുന്നത് കാണാം. “ബഹുമാനപ്പെട്ട മന്ത്രി, ഇവിടെ ഒരു അധ്യാപകനുണ്ട്… ഞാൻ ഇസ്രയേലിലെ ഒരു അധ്യാപകനാണ്,” എന്ന് ഒരാൾ വിളിച്ചുപറയുന്നുണ്ട്. “ദയവായി ഞങ്ങളെ അകത്തു കയറ്റൂ, എവിടെയാണ് ബങ്കർ?” എന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നുണ്ടെങ്കിലും മന്ത്രിയുടെ വസതിയിൽ നിന്ന് ആരും പ്രതികരിച്ചില്ല.

മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനവും പ്രതിഷേധക്കാർ അവിടെ ഉയർത്തി. “താങ്കളും താങ്കളുടെ ഗവൺമെന്റുമാണ് അവരെ (ഇറാനെ) ആക്രമിച്ചത്. ഈ മിസൈലുകൾക്ക് നിങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. ഞങ്ങളെ സംരക്ഷിക്കൂ, അകത്തു കയറ്റൂ. ഒരു മിസൈൽ എങ്കിലും ഞങ്ങളുടെ മേൽ പതിച്ചാൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും,” ആകാശത്ത് മിസൈലുകൾ വർഷിക്കുന്നതിനിടെ ഒരു ഇസ്രയേലി വിളിച്ചുപറഞ്ഞു.

യുദ്ധനയങ്ങൾക്കെതിരെയുള്ള ജനരോഷം കൂടിയാണ് ദൃശ്യങ്ങളിലൂടെ പുറത്തായത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി യോവ് കിഷ് രംഗത്തെത്തി. താൻ അഭയം നിഷേധിച്ചതല്ലെന്നും, സൈറണുകളുടെ മറവിൽ തന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ഭ്രാന്തന്മാരായ ഒരു കൂട്ടം കുറ്റവാളികളാണ് അവരെന്നുമാണ് മന്ത്രി ആരോപിച്ചത്. സമീപത്തുള്ള പൊതു ബങ്കറിൽ എത്താൻ അവർക്ക് എട്ട് മിനിറ്റ് സമയം ഉണ്ടായിരുന്നിട്ടും മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ തന്റെ വീടിന് മുന്നിൽ വരികയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ വസതികൾ പൊതു ബങ്കറുകളല്ലെന്ന് ഇസ്രയേൽ മാധ്യമങ്ങളും മന്ത്രിയെ പിന്തുണച്ച് റിപ്പോർട്ട് ചെയ്തു. യുദ്ധകാലത്ത് ഭരണാധികാരികൾ സുരക്ഷിത താവളങ്ങളിൽ ഇരിക്കുമ്പോൾ സാധാരണക്കാർ തെരുവിൽ മിസൈലുകൾക്ക് ഇരയാകേണ്ടി വരുന്ന അവസ്ഥയാണ് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഗസ്സയിലും ലെബനനിലും ഇറാനിലും യുദ്ധം തുടരുമ്പോൾ ഇസ്രയേൽ ജനതയ്ക്കുള്ളിൽ ഗവൺമെന്റിനോടുള്ള വിശ്വാസം തകരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.

Also read: