അകത്ത് കയറിയാൽ പവർ കട്ട്, പുറത്തിറങ്ങിയാൽ ചൂട്; അകത്തും പുറത്തും പാമ്പ്: സർക്കാരിനെതിരെ കെ. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ ദുസ്സഹമായ ജീവിതസാഹചര്യങ്ങളെയും തലസ്ഥാനത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സംസ്ഥാനത്ത് പുറത്തിറങ്ങിയാൽ കടുത്ത ചൂടാണെന്നും അകത്ത് കയറിയാൽ പവർ കട്ടാണെന്നും അദ്ദേഹം പറഞ്ഞു. അകത്തും പുറത്തും പാമ്പാണെന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
തലസ്ഥാനത്തെ കുടിവെള്ള ക്ഷാമം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. “പൈപ്പ് തുറന്നാൽ കേൾക്കുന്ന ശബ്ദം പാമ്പാണോ എന്ന ഭയമാണ് ഇപ്പോൾ ആളുകൾക്ക്. നഗരത്തിൽ വെള്ളം എത്തിക്കേണ്ട ഉത്തരവാദിത്തം മേയർക്കാണ്. എന്നാൽ കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുമ്പോഴും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാൻ മേയർ തയ്യാറാകുന്നില്ല,” മുരളീധരൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കേരളത്തിൽ വന്നിട്ടുപോലും ജനങ്ങൾക്ക് ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളെയും മുരളീധരൻ തന്റെ തനതായ ശൈലിയിൽ പരിഹസിച്ചു. തൃശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിന്റെ നിരാശ തീർക്കാനാണ് പാർട്ടിയിൽ ഇപ്പോൾ ഈ വാക്കേറ്റങ്ങൾ നടക്കുന്നത്. എന്നാൽ ഇതൊന്നും പരിധി വിടില്ലെന്നും, അടുത്തയാഴ്ച ഈ നേരമാകുമ്പോൾ കൃത്യമായ ചിത്രം തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജിനെതിരെയുണ്ടായ പരാമർശത്തിൽ എ.എൻ ഷംസീറിന്റെ നിലപാട് മാറ്റത്തെയും അദ്ദേഹം വിമർശിച്ചു. കണ്ണൂരിൽ വെച്ച് വീണാ ജോർജിനെ ആയുധം കൊണ്ട് ആക്രമിച്ചു എന്ന് പറഞ്ഞ ഷംസീർ ഇപ്പോൾ അത് മാറ്റിപ്പറയുകയാണ്. പണ്ട് പത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇപ്പോൾ ചുറ്റിലും ചാനലുകളുണ്ടെന്ന കാര്യം ഓർക്കണമെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു.