13/04/2026
[fontresizer_tawhidurrahmandear_widget]

ലബനനിൽ മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന് ഇസ്രയേൽ; ഞങ്ങളെല്ലാം ഒന്നാണെന്ന് കുഞ്ഞു മാലാഖ

 ലബനനിൽ മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന് ഇസ്രയേൽ; ഞങ്ങളെല്ലാം ഒന്നാണെന്ന് കുഞ്ഞു മാലാഖ

ബെയ്‌റൂത്ത്: ലബനനിൽ ഭീകരമായ രൂപത്തിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ പ്രദേശവാസികളോട് മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന നിർദേശം നൽകിയെന്ന റിപ്പോർട്ടിനു പിന്നാലെ മതേതരത്വത്തിന്റെ സന്ദേശവുമായി ഒരു കൊച്ചു ബാലിക. തെക്കൻ ലബനനിലാണ് അയൽവാസികളായ മുസ്ലിംകൾക്ക് അഭയം നൽകരുതെന്ന് ക്രിസ്ത്യൻ, ദ്രൂസ് വിഭാഗങ്ങളിലെ നേതാക്കൾക്ക് ഇസ്രായേൽ കർശന നിർദ്ദേശം നൽകിയത്. എന്നാൽ ഈ വിഭജന ശ്രമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഈ പെൺകുട്ടി ക്രിസ്ത്യൻ പള്ളിമണി മുഴക്കി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങൾ അൽ ജസീറ പുറത്തുവിട്ടു. ഞങ്ങളെല്ലാവരും ഒന്നാണെന്നും ഭിന്നിപ്പിക്കാൻ കഴിയില്ലെന്നുമുള്ള സന്ദേശവും പെൺകുട്ടി പങ്കുവെച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇസ്രയേൽ തുടരുന്ന ബോംബാക്രമണങ്ങളിൽ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഷിയാ മുസ്ലിം മേഖലകൾക്ക് പുറമെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിലും ആക്രമണം വ്യാപിച്ചിട്ടുണ്ട്. ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും തങ്ങളുടെ ലബനീസ് എന്ന സ്വത്വം മുറുകെപ്പിടിച്ച് അതിജീവനത്തിനായി ഒന്നിച്ചുനിൽക്കുകയാണ് അവിടുത്തെ ജനത. ഇതിന് ശക്തി പകരുന്നതാണ് പെൺകുട്ടിയുടെ ഈ പ്രവൃത്തി.

ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനു ശേഷം ലെബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. വ്യോമാക്രമണങ്ങളിലും കരയുദ്ധത്തിലുമായി ഇതിനോടകം ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും പത്തുലക്ഷത്തോളം പേർ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഷിയാ മുസ്ലിം മേഖലകൾക്ക് പുറമെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ഐൻ സാദെ അടക്കമുള്ള ഇടങ്ങളിലും ആക്രമണം വ്യാപിച്ചു. അവിടെ ലബനീസ് ഫോഴ്‌സ് പാർട്ടി ഭാരവാഹിയും കുടുംബവും കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാത്ത ക്രിസ്ത്യൻ വിശ്വാസികളും പള്ളിമണികൾ മുഴക്കി തങ്ങളുടെ ഐക്യം പ്രഖ്യാപിക്കുന്നുണ്ട്. പുറത്തുനിന്നുള്ള ഭീഷണികൾക്ക് വഴങ്ങാതെ തങ്ങളുടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടാണെന്ന വലിയ സന്ദേശമാണ് ലബനനിലെ ഈ പെൺകുട്ടിയും സാധാരണക്കാരും ലോകത്തിന് നൽകുന്നത്.

Also read: