എപ്സ്റ്റീനുമായി ബന്ധമില്ലെന്ന് ട്രംപിന്റെ ഭാര്യ മെലാനിയ; പിന്നാലെ തെളിവുകൾ നിരത്തി വാദം പൊളിച്ചടുക്കി സോഷ്യൽ മീഡിയ
വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് യാതൊരുവിധ സൗഹൃദവുമില്ലെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ ഉപയോക്താക്കൾ. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ വെച്ചാണ് എപ്സ്റ്റീനുമായോ അയാളുടെ സഹായിയായിരുന്ന ഗിസ്ലെയിൻ മാക്സ്വെല്ലുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്നും, തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന വാദവുമായി മെലാനിയ രംഗത്ത് വന്നത്.
ഇതിനു പുറമെ താൻ ഒരിക്കലും എപ്സ്റ്റീന്റെ ഇരയല്ലെന്നും, ഡൊണാൾഡ് ട്രംപിനെ തനിക്ക് പരിചയപ്പെടുത്തിയത് എപ്സ്റ്റീൻ അല്ലെന്നും അവർ ഊന്നിപ്പറഞ്ഞു. ന്യൂയോർക്കിലും ഫ്ലോറിഡയിലും ജീവിക്കുമ്പോൾ ഇത്തരം ആളുകൾ വരാറുള്ള പാർട്ടികളിൽ തങ്ങളും പങ്കെടുക്കാറുണ്ടായിരുന്നു എന്നത് മാത്രമാണ് അവരുമായുള്ള ഏക ബന്ധമെന്നും, അതിനപ്പുറം സൗഹൃദങ്ങൾ ഇല്ലെന്നും മെലാനിയ അവകാശപ്പെട്ടു. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ ധാർമ്മികതയില്ലാത്തവരാണെന്നും ഇത്തരത്തിലുള്ള നുണപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എപ്സ്റ്റീന്റെ ഇരകളായ സ്ത്രീകൾക്ക് അവർ നേരിട്ട കാര്യങ്ങൾ തുറന്നുപറയാൻ കോൺഗ്രസ് പ്രത്യേക വേദി ഒരുക്കണമെന്നും മെലാനിയ ഈ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. എങ്കിലും ഈ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ, സോഷ്യൽ മീഡിയയിലൂടെ പലരും പഴയ ചിത്രങ്ങളും ഇമെയിൽ രേഖകളും പുറത്തുവിട്ടുകൊണ്ട് ഈ വാദങ്ങളെ എതിർക്കുകയാണ്. 2002ൽ മെലാനിയ ഗിസ്ലെയിൻ മാക്സ്വെല്ലിന് അയച്ചതെന്ന് കരുതപ്പെടുന്ന ഒരു ഇമെയിലും ഇതിൽ ഉൾപ്പെടുന്നു.
ഒരു മാഗസിനിൽ വന്ന എപ്സ്റ്റീനെക്കുറിച്ചുള്ള ലേഖനത്തെ പരാമർശിച്ചുകൊണ്ട് പുകഴ്ത്തുന്ന വരികൾ ആ ഇമെയിലിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് വെറുമൊരു സാധാരണ സന്ദേശം മാത്രമാണെന്നും അതിൽ ഗൗരവകരമായ ഒന്നുമില്ലെന്നുമാണ് മെലാനിയയുടെ വിശദീകരണം. ഇതോടൊപ്പം തന്നെ ഡൊണാൾഡ് ട്രംപും മെലാനിയയും എപ്സ്റ്റീനും മാക്സ്വെല്ലും ഒരുമിച്ച് നിൽക്കുന്ന പഴയ ചിത്രങ്ങളും ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എപ്സ്റ്റീന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ചില ചിത്രങ്ങളിൽ ട്രംപും മെലാനിയയും ഒരുമിച്ചുള്ള ഫോട്ടോകൾ ഉണ്ടായിരുന്നു എന്നതും ചർച്ചകൾക്ക് വഴിമാറുന്നു. താൻ ഇത്തരം കേസുകളിൽ ഒരിക്കലും സാക്ഷിയോ പ്രതിയോ ആയിട്ടില്ലെന്നും തന്റെ പേര് എവിടെയും പരാമർശിക്കപ്പെട്ടിട്ടില്ലെന്നും മെലാനിയ അവകാശപ്പെടുന്നുണ്ടെങ്കിലും, പുറത്തുവരുന്ന പഴയ രേഖകൾ മെലാനിയയെ പ്രതിരോധത്തിലാക്കുകയാണ്.