12/06/2026
[fontresizer_tawhidurrahmandear_widget]

ചെറിയൊരു തീപ്പൊരി മതി, എല്ലാം ചാമ്പലാക്കാൻ; പാകിസ്‌താനിൽ പാചകവാതകം ബലൂണുകളിൽ ശേഖരിച്ച് ജനങ്ങൾ

 ചെറിയൊരു തീപ്പൊരി മതി, എല്ലാം ചാമ്പലാക്കാൻ; പാകിസ്‌താനിൽ പാചകവാതകം ബലൂണുകളിൽ ശേഖരിച്ച് ജനങ്ങൾ

കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഇന്ധനക്ഷാമത്തിലും ഉലയുന്ന പാകിസ്താനിൽ നിന്ന് ആശങ്കാജനകമായ വാർത്തകൾ പുറത്തുവരുന്നു. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമവും അമിതവിലയും കാരണം കറാച്ചിയിലെ ജനങ്ങൾ പ്ലാസ്റ്റിക് ബലൂണുകളിൽ ഗ്യാസ് ശേഖരിക്കുന്നതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ഒറംഗി ടൗൺ, മോമിനാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് ജീവൻ പണയപ്പെടുത്തിയുള്ള ഈ സാഹസം വ്യാപകമാകുന്നത്.

ഗ്യാസ് വിതരണത്തിലെ അനിശ്ചിതത്വം കാരണം മറ്റ് മാർഗങ്ങളില്ലാതെയാണ് തങ്ങൾ ഈ രീതി സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വിപണിയിൽ നിന്നും 1,000 മുതൽ 1,500 രൂപ വരെ വിലയുള്ള പ്രത്യേക പ്ലാസ്റ്റിക് ബലൂണുകൾ വാങ്ങിയാണ് ഇവർ ഗ്യാസ് നിറയ്ക്കുന്നത്. സപ്ലൈ ലഭിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ ബലൂണുകളിൽ ഗ്യാസ് നിറയ്ക്കുകയും, പിന്നീട് പൈപ്പ് വഴി അടുക്കളയിലെത്തിച്ച് പാചകത്തിനായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.

എന്നാൽ ഈ പ്രവണത അതീവ അപകടകരമാണെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ‘മൊബൈൽ ബോംബുകൾ’ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ബലൂണുകളിൽ ഒരു ചെറിയ തീപ്പൊരിയോ ഘർഷണമോ ഉണ്ടായാൽ പോലും വൻ സ്ഫോടനത്തിന് കാരണമാകും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇത് വലിയ ദുരന്തങ്ങൾ വിളിച്ച് വരുത്തുമെന്നും അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ഇന്ധന പ്രതിസന്ധിയാണ് പാകിസ്താനിലെ സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയത്.

Also read: