എഫ്-15 പൈലറ്റിനെ കണ്ടെത്താനാകാതെ യുഎസ് സൈന്യം; ഇറാന്റെ ആകാശത്ത് താഴ്ന്നുപറന്ന് വിമാനങ്ങൾ
തെഹ്റാൻ: ഇറാൻ തകർത്തിട്ട എഫ്-15 വിമാനത്തിലെ സൈനികരെ കണ്ടെത്താനാകാതെ യുഎസ് സൈന്യം. വിമാനം തകർന്നതിന് പിന്നാലെ പൈലറ്റിനെയും വെപൺസ് ഓഫീസറെയും കണ്ടെത്താൻ അമേരിക്കൻ സൈന്യം അതിസാഹസികമായ തിരച്ചിലാണു നടത്തുന്നത്. ‘കോംബാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ’ നേതൃത്വം നൽകുന്ന ഓപറേഷനിൽ ഇതുവരെയും ഒന്നും കണ്ടെത്താനായിട്ടില്ല. അതേസമയം, വിമാനത്തിൽനിന്ന് പൈലറ്റുമാർ ഇജക്ഷൻ സീറ്റ് വഴി പുറത്തേക്ക് ചാടിയെങ്കിലും, ഇവരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പിടികൂടിയതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിമാനം തകർന്ന ഉടൻ തന്നെ യുഎസ് വ്യോമസേന തങ്ങളുടെ പ്രത്യേക രക്ഷാസേനയെ രംഗത്തിറക്കിയിരുന്നു. അതിവേഗത്തിലുള്ള നീക്കത്തിനായി ‘എച്ച്സി-130ജെ കോംബാറ്റ് കിങ് 2’ വിമാനങ്ങളും, യുഎച്ച്-60 ബ്ലാക്ക്ഹോക്ക്, എച്ച്എച്ച്-60ജി പേവ് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാന്റെ തെക്കൻ പ്രവിശ്യകളായ കൊഹ്ലിലുയെ, ബോയർ-അഹമ്മദ് എന്നിവിടങ്ങളിലേക്ക് അയച്ചു. ഇവിടെ താഴ്ന്നുപറന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇറാന്റെ ശക്തമായ ആർട്ടിലറി പ്രഹരങ്ങളും ഡ്രോൺ നിരീക്ഷണവും കാരണം രക്ഷാപ്രവർത്തകർക്ക് പൈലറ്റുമാരെ വീണ്ടെടുക്കാനാവാതെ മടങ്ങേണ്ടി വന്നുവെന്ന് അൽ-മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു.
വിമാനം തകർന്ന സ്ഥലത്തുനിന്ന് ഇജക്ഷൻ സീറ്റുകളും മറ്റ് അവശിഷ്ടങ്ങളും പ്രദേശവാസികൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. പൈലറ്റുമാർ ഐആർജിസിയുടെ തടവിലാണെന്ന വാർത്തകൾ സ്ഥിരീകരിക്കപ്പെട്ടാൽ, അത് അമേരിക്കൻ ഭരണകൂടത്തിന് വലിയ നയതന്ത്ര പ്രതിസന്ധിയുണ്ടാക്കും. പൈലറ്റുമാരെ മോചിപ്പിക്കാൻ അമേരിക്ക കൂടുതൽ കടുത്ത സൈനിക നീക്കങ്ങളിലേക്ക് കടക്കുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
ബ്രിട്ടനിലെ ആർഎഎഫ് ലക്കൻഹീത്ത് താവളത്തിൽ നിന്നുള്ള 494-ാം ഫൈറ്റർ സ്ക്വാഡ്രണിന്റെ ഭാഗമാണ് തകർക്കപ്പെട്ട വിമാനം. മേഖലയിൽ ‘ഓപറേഷൻ എപിക് ഫ്യൂരി’ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന വിമാനമാണിത്. അത്യാധുനികമായ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടത് അമേരിക്കയുടെ വ്യോമ മേധാവിത്വത്തിന് മേലുള്ള വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.