‘ബീഫ് കഴിക്കുന്ന ആളാണ് ഞാൻ, ഇതിലും വലുത് നേരിട്ടയാളാണ് ഷിയാസിക്ക’; വിവാദങ്ങളിൽ പ്രതികരിച്ച് അനുമോൾ
ഷിയാസ്, അനുമോൾ
ബിഗ് ബോസ് വിജയി അനുമോളെ ഷിയാസ് കരീം ബീഫ് കഴിക്കാൻ നിർബന്ധിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പടർന്ന വിവാദങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തി. ഷിയാസ് തന്നെ നിർബന്ധിച്ചിട്ടില്ലെന്നും തമാശ രൂപേണ ചോദിച്ച കാര്യങ്ങൾ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും അനുമോൾ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷിയാസ് കരീമുമായുള്ള സൗഹൃദത്തെക്കുറിച്ചും അന്ന് നടന്ന കാര്യങ്ങളെക്കുറിച്ചും അനുമോൾ പറയുന്നത് ഇങ്ങനെയാണ്: “അന്ന് അവിടെ വച്ച് സംസാരിച്ചത് പുറമേന്ന് ഒരാൾക്ക് കേൾക്കുമ്പോൾ, അല്ലെങ്കിൽ എല്ലാവർക്കും അത് ഇഷ്ടപ്പെടണമെന്നില്ല. എന്നോട് സംസാരിച്ചത് എന്ന് വച്ചാൽ, നീ എന്താ ബീഫ് കഴിക്കാത്തെ? ബിജെപി ആയത് കൊണ്ടാണോ എന്നാണ്. അതൊരു തമാശയായിട്ട് ചോദിച്ചതാണ്. ഞാൻ ബിജെപി ആയത് കൊണ്ടോ അല്ലാത്തത് കൊണ്ടോ അല്ല. പുള്ളി വെറും തമാശയ്ക്ക് ചോദിച്ച ചോദ്യമാണ്. പക്ഷേ ആൾക്കാർക്ക് കേൾക്കുമ്പോൾ, എന്നെ മനഃപൂർവ്വം കഴിക്കാൻ വേണ്ടി നിർബന്ധിച്ചതാണെന്നാണ് തോന്നുന്നത്. ആ ആരോപണം ഭയങ്കര തെറ്റാണ്.”
താാൻ എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കുന്ന ആളാണെന്നും അന്ന് ഡയറ്റിലായിരുന്നതിനാലാണ് ബീഫ് ഒഴിവാക്കിയതെന്നും താരം വ്യക്തമാക്കി. “എന്റെ വീട്ടിൽ ബീഫ്, പോർക്ക്, മട്ടൻ, ചിക്കൻ അങ്ങനെയുള്ള എല്ലാ സാധനങ്ങളും അച്ഛൻ വാങ്ങിക്കൊണ്ട് വന്ന്, എന്റെ അമ്മ കുക്ക് ചെയ്ത്, അത് കഴിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ആ ടേസ്റ്റ് അറിഞ്ഞ് തന്നെയാണ് വളർന്നത്. ഷിയാസ് ഇക്ക പറഞ്ഞ സമയത്ത് ഞാൻ ബീഫ് കഴിക്കാത്തത് ഡയറ്റ് നോക്കുന്നത് കൊണ്ടാണ്. അന്ന് ഞാൻ ചിക്കൻ മാത്രമെ കഴിച്ചിട്ടുള്ളൂ. ബീഫും പോർക്കും എല്ലാം കഴിക്കുന്ന വ്യക്തിയാണ് ഞാൻ” എന്നും അനുമോൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒൻപത് വർഷമായി ഷിയാസിനെ അറിയാമെന്നും തങ്ങൾക്കിടയിൽ സഹോദര ബന്ധമാണെന്നും പറഞ്ഞ താരം, ഇത്തരം വിവാദങ്ങൾ ഷിയാസിനെ ബാധിക്കില്ലെന്നും അദ്ദേഹം ഇതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.