ഗെയിം കളിക്കുന്നത് തടഞ്ഞു; അധ്യാപികയുടെ മൂക്കിടിച്ചു തകർത്ത് വിദ്യാർഥി
സ്മിത എൻ. പിള്ള
ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ സ്വദേശിനി സ്മിത എൻ. പിള്ളയ്ക്കാണ് (35) മർദ്ദനമേറ്റത്. മാലദ്വീപിലെ ഗധു ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപികയാണ് സ്മിത. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു.
കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം നടന്നത്. സയൻസ് ലബോറട്ടറിയിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ, കമ്പ്യൂട്ടറിൽ ഗെയിം കളിക്കുകയായിരുന്ന വിദ്യാർത്ഥിയെ സ്മിത പലതവണ താക്കീത് ചെയ്തിരുന്നു. എന്നാൽ വിദ്യാർത്ഥി ഇത് കൂട്ടാക്കിയില്ല. ഗെയിം കളിക്കുന്നത് വീഡിയോ പകർത്തി പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ വിദ്യാർത്ഥി സ്മിതയുടെ ഫോൺ എടുത്തെറിയുകയും മൂക്കിൽ തുടർച്ചയായി ഇടിക്കുകയുമായിരുന്നു.
രക്തം വാർന്ന് ബോധരഹിതയായി വീണ സ്മിതയെ സഹപ്രവർത്തകർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു വർഷം മുൻപാണ് സ്മിത ഇവിടെ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്മിതയെ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭർത്താവ് ദീപക് അറിയിച്ചു. മാലദ്വീപിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി അധ്യാപകരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ദീപക് പറഞ്ഞു.