02/04/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനെ തീർത്തു അമേരിക്ക ജയിച്ചു’; പ്രഖ്യാപനങ്ങളൊന്നുമില്ല, അവകാശവാദങ്ങൾ ആവർത്തിച്ച് ട്രംപിന്റെ പ്രസംഗം

 ‘ഇറാനെ തീർത്തു അമേരിക്ക ജയിച്ചു’; പ്രഖ്യാപനങ്ങളൊന്നുമില്ല, അവകാശവാദങ്ങൾ ആവർത്തിച്ച് ട്രംപിന്റെ പ്രസംഗം

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം 32 ദിവസം പിന്നിടുമ്പോൾ ലോകം കാതോർത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചു. യുദ്ധവിരാമത്തെക്കുറിച്ചോ സൈനിക പിന്മാറ്റത്തിന്റെ കൃത്യമായ തീയതിയെക്കുറിച്ചോ സൂചന നൽകുന്നതിന് പകരം, കഴിഞ്ഞ ഒരു മാസമായി താൻ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ട്രംപ് ചെയ്തത്. ഇറാനെ തീർത്തുകളഞ്ഞെന്നും, സൈനിക നീക്കം വൻ വിജയമാണെന്നും അമേരിക്ക ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും ഒരിക്കൽ കൂടി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, യുദ്ധവിരാമത്തെക്കുറിച്ചോ സൈനിക പിന്മാറ്റത്തിന്റെ കൃത്യമായ സമയക്രമത്തെക്കുറിച്ചോ ട്രംപ് മിണ്ടിയില്ല.

ഇറാനിലെ തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർണമായും കൈവരിച്ചുവെന്നും ഇറാന്റെ സൈനിക ശേഷി തകർത്തു എന്നുമുള്ള മുൻപത്തെ അവകാശവാദം ട്രംപ് പ്രസംഗത്തിൽ ആവർത്തിച്ചു. ‘ഞങ്ങൾ ചെയ്യാനുദ്ദേശിച്ചത് ചെയ്തു കഴിഞ്ഞു. ഇറാന്റെ കരുത്ത് ഞങ്ങൾ ഇല്ലാതാക്കി. ഇറാന്റെ മിസൈൽ കേന്ദ്രങ്ങളും വ്യോമസേനയും നാവികസേനയും പൂർണമായും നശിച്ചു. ആണവായുധം നിർമിക്കാനുള്ള അവരുടെ ശേഷി ഇല്ലാതായി. ഇറാൻ ഇനി പശ്ചിമേഷ്യയിൽ ഒരു ഭീഷണിയല്ല.’ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ ട്രംപ് പ്രഖ്യാപിച്ചു.

അതേസമയം, ഇറാൻ ഭരണകൂടത്തെ മാറ്റുക ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്, അവിടെ ഭരണമാറ്റം സംഭവിച്ചു കഴിച്ചു. അവരുടെ യഥാർത്ഥ നേതാക്കളെല്ലാം കൊല്ലപ്പെട്ടു. അത്ര തീവ്ര നിലപാടുകാർ അല്ലാത്തൊരു നേതൃത്വം ആണ് അധികാരത്തിൽ ഉള്ളത്. തങ്ങളുമായി ഒരു കരാറിലെത്താൻ അവർക്ക് അവസരമുണ്ട്. അതിന് തയ്യാറായില്ലെങ്കിൽ അവരുടെ വൈദ്യുതി നിലയങ്ങൾ എല്ലാം നമ്മൾ തകർക്കും. ഇറാനെ ഇരുണ്ട കാലത്തിലേക്ക് തള്ളിയിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം, യുദ്ധം എന്ന് അവസാനിക്കുമെന്നോ, ഹോർമുസ് കടലിടുക്ക് എപ്പോൾ തുറക്കുമെന്നോ ഉള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞ പോലെ ‘ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണും’ എന്ന വാദം തന്നെയാണ് ഇന്നും ട്രംപ് ആവർത്തിച്ചത്. ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കാൻ അമേരിക്ക ഇല്ലെന്നുള്ള സൂചനയും അദ്ദേഹം നൽകി. ലോക രാഷ്ട്രങ്ങൾ അതിന് മുന്നിട്ടിറങ്ങണം. അവർക്ക് വേണ്ട പിന്തുണ തങ്ങൾ നൽകും. അമേരിക്കക്ക് ആവശ്യമായതിലും അപ്പുറത്തുള്ള എണ്ണ നിലവിൽ തങ്ങളുടെ ശേഖരത്തിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ട്രംപിന്റെ പ്രസംഗത്തിൽ കൃത്യമായ യുദ്ധവിരാമ പ്രഖ്യാപനം ഇല്ലാത്തത് നിക്ഷേപകർക്കിടയിൽ വീണ്ടും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Also read: