യുദ്ധപ്രഖ്യാപനത്തിനിടെ വലിയ ശബ്ദത്തിൽ കീഴ്വായു; നാണംകെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്, പരിഹസിച്ച് ഇറാൻ
വാഷിങ്ടൺ: ഇറാനെതിരെ കടുത്ത സൈനിക നടപടിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകാൻ വിളിച്ചുചേർത്ത വൈറ്റ് ഹൗസിലെ ഔദ്യോഗിക വാർത്താ സമ്മേളനം ഇപ്പോൾ അമേരിക്കയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം ആവർത്തിക്കാനായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണു സംഭവം. പ്രസംഗപീഠത്തിനു മുന്നിലെത്തി അദ്ദേഹം സംസാരിക്കാൻ തുടങ്ങവേ നിയന്ത്രിക്കാനാവാതെ കീഴ്വായു പുറത്തുവരികയായിരുന്നു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നത്.
മൈക്രോഫോണിലൂടെ ശബ്ദം വ്യക്തമായി കേട്ടതോടെ മുന്നിൽ കൂടിയിരുന്ന മാധ്യമപ്രവർത്തകർക്കിടയിലും ചിരി പടർന്നു. മുഖത്ത് അതിന്റെ ജാള്യത ഒളിപ്പിച്ച് ഹെഗ്സേത്ത് സംസാരം തുടരുകയായിരുന്നു. എന്നാൽ, ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരിഹാസപ്പെരുമഴയായി.
ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ നേരിടാൻ പോകുന്നത് നരകമായിരിക്കുമെന്നായിരുന്നു ട്രംപിന്റെയും ഹെഗ്സെത്തിന്റെയും അന്ത്യശാസനം. എന്നാൽ, വാർത്താ സമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ‘കടലിടുക്ക് തുറക്കപ്പെട്ടു’ എന്ന പരിഹാസരൂപേണയുള്ള കുറിപ്പോടെയാണ് ഇറാൻ അനുകൂല പ്രൊഫൈലുകൾ ഈ സംഭവത്തെ ആഘോഷിക്കുന്നത്. കടലിടുക്ക് തുറന്നതിന്റെ ശബ്ദമാണ് കേട്ടതെന്ന് ചില പ്രൊഫൈലുകൾ പരിഹസിച്ചു. അമേരിക്കയുടെ യുദ്ധഭീഷണികളെ ഇറാൻ എത്രത്തോളം നിസ്സാരമായാണ് കാണുന്നത് എന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സംഭവത്തിന് പിന്നാലെ ഇന്റർനെറ്റിൽ ‘സെക്രട്ടറി ഓഫ് ഫാർട്ട്'(കീഴ്വായു മന്ത്രി) എന്ന ഹാഷ്ടാഗും തരംഗമായിട്ടുണ്ട്.
വാർത്താസമ്മേളനത്തിലെ നാണക്കേടുണ്ടാക്കിയ സംഭവം തമാശയായി മാറുമ്പോഴും പശ്ചിമേഷ്യയിലെ സാഹചര്യം സ്ഫോടനാത്മകമായി തുടരുകയാണ്. ട്രംപ് നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെ, ഇറാന്റെ മിസൈൽ നഗരങ്ങൾ ഏത് നിമിഷവും പ്രത്യാക്രമണത്തിന് സജ്ജമാണെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 39 ദിവസമായി തുടരുന്ന യുദ്ധം കൂടുതൽ ഭീകരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.