പൈലറ്റിനെ രക്ഷിക്കാൻ പോയ യുദ്ധവിമാനങ്ങൾ പണിമുടക്കി; ഇറാനിൽ കുടുങ്ങി യുഎസ് കമാൻഡോകൾ
തെഹ്റാന്‍: ഇറാൻ തങ്ങളുടെ വ്യോമാതിർത്തിയിൽ വെടിവെച്ചിട്ട എഫ്-15ഇ പൈലറ്റിനെ അതിസാഹസികമായി രക്ഷിച്ച ദൗത്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. തകർന്ന വിമാനത്തിലെ പൈലറ്റിനെ പരിക്കുകളോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും അമേരിക്കയ്ക്ക് വലിയ നാശനഷ്ടങ്ങളാണ് ഈ സൈനിക നീക്കത്തിൽ നേരിട്ടത്. ശതകോടികൾ വിലമതിക്കുന്ന നിരവധി അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അമേരിക്കയ്ക്ക് നഷ്ടമായതായി യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ’റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു.
ഇറാൻ വെടിവെച്ചിട്ട വിമാനത്തിൽനിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട യുഎസ് കേണൽ, കണങ്കാലിന് പരിക്കേറ്റ നിലയിൽ ഒരു മലമുകളിലെ പാറക്കെട്ടിനിടയിലാണ് ഒളിച്ചിരുന്നത്. താൻ ശത്രുക്കളുടെ കെണിയിൽ അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം രഹസ്യ കോഡുകൾ വഴി യുഎസ് സൈന്യവുമായി ബന്ധപ്പെടുകയും തന്റെ വ്യക്തിത്വം ബോധ്യപ്പെടുത്തുകയും ചെയ്തു. പൈലറ്റിനെ തേടി ഇറാൻ സൈന്യം അരിച്ചുപെറുക്കുന്നതിനിടെയായിരുന്നു ഈ അതീവ രഹസ്യ നീക്കം.
രക്ഷാദൗത്യത്തിന് മുൻപായി സിഐഎ ഇറാനിൽ ഒരു വ്യാജപ്രചാരണം നടത്തിയിരുന്നു. പൈലറ്റിനെ നേരത്തെ തന്നെ കണ്ടെത്തിയെന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നുമുള്ള തെറ്റായ വിവരങ്ങൾ ഇറാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് സിഐഎ കൈമാറി. ഇറാൻ സൈന്യത്തെ വഴിതിരിച്ചുവിടാനായിരുന്നു ഈ നീക്കം. ഇതിനിടെ യുഎസ് സൈന്യം പ്രദേശത്തെ ഇലക്ട്രോണിക് സംവിധാനങ്ങൾ ജാം ചെയ്യുകയും പൈലറ്റ് ഇരിക്കുന്ന സ്ഥലത്തേക്ക് ആരും എത്താതിരിക്കാൻ ചുറ്റുമുള്ള റോഡുകൾ ബോംബ് വെച്ച് തകർക്കുകയും ചെയ്തു.
അതീവ രഹസ്യമായാണ് അമേരിക്കൻ കമാൻഡോകൾ ഇറാന്റെ റഡാർ കണ്ണുകളെ വെട്ടിച്ച് തെഹ്‌റാന് തെക്കുള്ള ദുർഘടമായ പർവതനിരകളിൽ ഇറങ്ങിയത്. തീർത്തും പ്രതികൂലമായ ഭൂപ്രദേശത്ത് വിജയകരമായി ലാൻഡ് ചെയ്തെങ്കിലും, പൈലറ്റിനെ കണ്ടെത്തി തിരികെ പറന്നുയരാൻ ശ്രമിക്കവെ വിമാനങ്ങളുടെ എൻജിനുകൾ പണിമുടക്കി. ഇതോടെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രദേശം വളയാനുള്ള സാഹചര്യം ഉടലെടുത്തു.
ശത്രുരാജ്യത്തിന്റെ മണ്ണിൽ കുടുങ്ങിക്കിടക്കുന്നത് വൻ അപകടമാണെന്ന് തിരിച്ചറിഞ്ഞ കമാൻഡോകൾ, ഒടുവിൽ തങ്ങളുടെ അത്യാധുനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും അവിടെത്തന്നെ ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഈ വിമാനങ്ങൾ ഇറാൻ പിടിച്ചെടുക്കാതിരിക്കാൻ യുഎസ് സൈന്യം തന്നെ അവ ബോംബ് വെച്ച് തകർത്തതായാണ് യുഎസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ, ഇവ തങ്ങൾ മിസൈൽ ആക്രമണത്തിലൂടെ തകർത്തതാണെന്ന് ഇറാനും അവകാശപ്പെടുന്നുണ്ട്. ഇസ്ഫഹാനിലെ മരുഭൂമിയിൽ വിമാനങ്ങൾ കത്തിയമരുന്ന ദൃശ്യങ്ങൾ ഐആർജിസി പുറത്തുവിട്ടത് ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
1980-ൽ ഇറാനിൽ നടന്ന അമേരിക്കയുടെ ‘ഓപറേഷൻ ഈഗിൾ ക്ലോ’ പരാജയപ്പെട്ടതിന് സമാനമായ അവസ്ഥയാണിതെന്ന് സൈനിക വിദഗ്ധർ വിലയിരുത്തുന്നു. അന്ന് മരുഭൂമിയിൽ വെച്ച് ഹെലികോപ്റ്ററുകൾ തകർന്നതാണ് അമേരിക്കയ്ക്ക് തിരിച്ചടിയായതെങ്കിൽ, ഇന്ന് അത്യാധുനിക എംസി-130 വിമാനങ്ങളാണ് സാങ്കേതിക തകരാറിൽ പെട്ടിരിക്കുന്നത്. അമേരിക്കയുടെ ഈ ‘നാണംകെട്ട പരാജയം’ ഇറാന്റെ സൈനിക ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.