‘തകരപ്പാളികൾ കൊണ്ടുള്ള ബങ്കർ; രക്തം വാർന്നൊലിച്ച് സൈനികർ, ആകെ പൊടിയും പുകയും’-കുവൈത്ത് ബേസിലെ ഇറാൻ ആക്രമണത്തെ കുറിച്ച് യുഎസ് സൈനികർ
വാഷിങ്ടൺ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിർത്തൽ തുടരുന്നതിനിടെ, അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരിട്ട ഏറ്റവും വലിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കുവൈത്തിലെ ഷുഐബ തുറമുഖത്തെ യുഎസ് സൈനിക താവളത്തിന് നേരെ മാർച്ച് ഒന്നിന് നടന്ന ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ സഹപ്രവർത്തകർ പെന്റഗണിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ നടന്ന രക്തരൂക്ഷിതമായ ഡ്രോൺ ആക്രമണത്തിൽ പെന്റഗണിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് അതിജീവിച്ച സൈനികർ.
‘കോട്ടയല്ല, അതൊരു തകരപ്പാളി’
അതീവ സുരക്ഷയുള്ള കോട്ടയ്ക്കുള്ളിലേക്ക് ഒരു ഡ്രോൺ സ്ഥാനംതെറ്റി പതിച്ചതാണെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കുവൈത്തിലെ ആക്രമണത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സൈനികർ ഈ വാദത്തെ പച്ചക്കള്ളമെന്നാണു വിശേഷിപ്പിച്ചത്. ‘ആ സൈനിക കേന്ദ്രത്തിന് മുകളിൽ നിന്ന് വരുന്ന ഡ്രോണുകളെ തടയാൻ യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. കോൺക്രീറ്റ് മതിലുകൾ ഉണ്ടായിരുന്നെങ്കിലും മുകൾഭാഗം തകരപ്പാളികൾ കൊണ്ടാണ് നിർമിച്ചിരുന്നത്. ഒരു സുരക്ഷയുമുണ്ടായിരുന്നില്ല. ഏതോ പഴയ സൈനിക താവളം പോലെയായിരുന്നു അവിടെ’ ഒരു സൈനികൻ വെളിപ്പെടുത്തി.
ആക്രമണം നടന്ന ദിവസം രാവിലെ 9:15-ന് മിസൈൽ ഭീഷണി ഒഴിഞ്ഞുവെന്ന ‘ഓൾ ക്ലിയർ’ സിഗ്‌നൽ ലഭിച്ചതിനെത്തുടർന്ന് സൈനികർ തങ്ങളുടെ ഹെൽമെറ്റുകൾ മാറ്റി ജോലികളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അരമണക്കൂറിനു ശേഷം ഇറാന്റെ ‘ഷാഹീദ്’ ഡ്രോൺ കെട്ടിടത്തിന്റെ മധ്യഭാഗത്ത് തന്നെ പതിച്ചു. നിമിഷങ്ങൾക്കുള്ളിൽ ആറ് സൈനികർ കൊല്ലപ്പെടുകയും 20-ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം പ്രദേശം കത്തിനശിച്ചതായി സൈനികർ ഓർക്കുന്നു.
‘ഓൾ ക്ലിയർ’ സിഗ്‌നൽ ലഭിച്ച് ഏകദേശം 30 മിനിറ്റുകൾക്ക് ശേഷം, ഒരു സ്‌ഫോടനത്തിൽ എല്ലാവരും വിറച്ചുപോയെന്ന് ഒരു സൈനികൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ‘സിനിമകളിൽ കാണുന്നത് പോലെയായിരുന്നു അത്. ചെവിയിൽ മുഴക്കം അനുഭവപ്പെട്ടു. ചുറ്റുമുള്ളതെല്ലാം മങ്ങാൻ തുടങ്ങി. കാഴ്ച അവ്യക്തമായി. എനിക്ക് തലകറക്കം അനുഭവപ്പെട്ടു. എല്ലായിടത്തും പൊടിയും പുകയും നിറഞ്ഞിരുന്നു.’
‘തലയിൽ വലിയ മുറിവുകൾ, രക്തം വാർന്നൊലിക്കുന്നു, പലരുടെയും ചെവി തുളഞ്ഞുപോയിരുന്നു. എല്ലായിടത്തും ചില്ലുകളും ലോഹക്കഷ്ണങ്ങളും ചിതറിക്കിടക്കുന്നു. ആളുകളുടെ വയറ്റിൽനിന്നും കൈകാലുകളിൽനിന്നും രക്തം വാർന്നൊലിക്കുകയായിരുന്നു.’-മറ്റൊരു സൈനികൻ ഭീകരമായ ആ കാഴ്ചയെക്കുറിച്ച് വിവരിച്ചു.
കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതും തീ അണയാതെ നിൽക്കുന്നതും വീഡിയോകളിൽ കാണാം. ആ സ്‌ഫോടനത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. 2021ന് ശേഷം യുഎസ് സേന നേരിടുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. സംഭവത്തിൽ കൂടാതെ 20-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിലേക്ക് തള്ളിവിട്ടു?
ഇറാൻ മിസൈലുകളുടെ പരിധിയിൽനിന്ന് സൈനികരെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പലരെയും സൗദിയിലേക്കും ജോർദാനിലേക്കും മാറ്റിയത്. എന്നാൽ, 103-ാം സസ്‌റ്റൈൻമെന്റ് കമാൻഡിലെ ഏതാനും പേരെ മാത്രം ഇറാന്റെ നേരിട്ടുള്ള ലക്ഷ്യസ്ഥാനമായി അറിയപ്പെട്ടിരുന്ന ഷുഐബ തുറമുഖത്തേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. ഇത് തടയാവുന്ന ഒരു ദുരന്തമായിരുന്നുവെന്നും, തെറ്റായ നേതൃത്വ തീരുമാനങ്ങളാണ് സഹപ്രവർത്തകരുടെ ജീവൻ കവർന്നതെന്നും അതിജീവിച്ചവർ കുറ്റപ്പെടുത്തുന്നു.
സൈന്യത്തിന്റെ കടുത്ത മാധ്യമ നിയന്ത്രണങ്ങൾ ലംഘിച്ചാണ് ഈ സൈനികർ ഇപ്പോൾ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സത്യം പുറംലോകം അറിയണമെന്നാണ് ഇവരുടെ നിലപാട്. പീറ്റ് ഹെഗ്സെത്തിന്റെ അവകാശവാദങ്ങൾക്കിടയിലും, തങ്ങളുടെ സൈനികർ നേരിട്ട ഈ ദുരന്തം അമേരിക്കൻ ഭരണകൂടത്തെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.