ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവം; ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മ രാജിവെച്ചു
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നിയമനടപടികൾ നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ സ്ഥാനമൊഴിഞ്ഞു. പാർലമെന്റിൽ തനിക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികൾ വേഗത്തിലായ സാഹചര്യത്തിലാണ് രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചത്.
ഒരു വർഷം മുമ്പ് ഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. അന്ന് തീയണയ്ക്കാൻ എത്തിയ ഉദ്യോഗസ്ഥർ ഒന്നരയടിയോളം ഉയരത്തിൽ അടുക്കിവെച്ച നിലയിൽ വലിയൊരു തുക വസതിയിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സംഭവം പുറത്തായതോടെ വലിയ രാഷ്ട്രീയ-നിയമ പ്രക്ഷോഭങ്ങളാണ് രാജ്യത്തുണ്ടായത്. തുടർന്ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വർമ്മയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അന്വേഷണ വിധേയമായി അദ്ദേഹത്തിന്റെ ജുഡീഷ്യൽ ചുമതലകൾ പിൻവലിക്കുകയും ചെയ്തിരുന്നു.
വസതിയിൽ നിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നുമാണ് ജസ്റ്റിസ് വർമ്മയുടെ നിലപാട്. തീപിടുത്തം ഉണ്ടായ സമയത്ത് താൻ വസതിയിൽ ഉണ്ടായിരുന്നില്ലെന്നും സംഭവസ്ഥലം സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പോലീസിനും ഫയർഫോഴ്‌സിനും വീഴ്ച പറ്റിയെന്നും അദ്ദേഹം പാർലമെന്ററി സമിതിക്ക് മുന്നിൽ വാദിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിനും കുടുംബത്തിനും പണം കണ്ടെത്തിയ മുറിയിൽ പൂർണ്ണ നിയന്ത്രണമുണ്ടായിരുന്നതായി ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വയം രാജിവെക്കാൻ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. തുടർന്നാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിച്ചതും 146 ലോക്‌സഭാ അംഗങ്ങൾ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ പിന്തുണച്ചതും.
സമിതിയുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിപ്പോവുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഒരു ജഡ്ജിയും ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, പാർലമെന്ററി നടപടികൾ പൂർത്തിയാകുന്നതിന് മുമ്പുള്ള ഈ രാജി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.