ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; യുവാവിന്റെ കുടലിനുള്ളിൽ നിന്ന് 100 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ പിടികൂടി
അബുദാബി: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം കൊക്കെയ്നുമായി ആഫ്രിക്കൻ സ്വദേശി അബുദാബിയിൽ പിടിയിലായി. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഉദ്യോഗസ്ഥർ പിടികൂടിയത്.
വിമാനമിറങ്ങിയ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ സ്കാനിങ്ങിലാണ് കുടലിനുള്ളിൽ അസാധാരണമായ വസ്തുക്കൾ കണ്ടെത്തിയത്. 1,418 ഗ്രാം തൂക്കം വരുന്ന 100 കൊക്കെയ്ൻ കാപ്‌സ്യൂളുകളാണ് ഇയാളുടെ ശരീരത്തിൽ നിന്നും പുറത്തെടുത്തത്.
അത്യാധുനിക സ്കാനിങ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കണ്ടുകെട്ടിയതായും പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. ദേശീയ ലഹരിവിരുദ്ധ ഏജൻസിയുമായി സഹകരിച്ചാണ് ഈ ഓപറേഷൻ പൂർത്തിയാക്കിയത്. വിമാനത്താവളങ്ങളിൽ പരിശോധനയും സുരക്ഷയും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഐസിപി വ്യക്തമാക്കി.