12/06/2026
[fontresizer_tawhidurrahmandear_widget]

ഒരു ഉറുമ്പിന് 25,000 രൂപവരെ, വാങ്ങുന്നത് 65 രൂപയ്ക്ക്; പിടികൂടിയത് 2,000 ജീവനുള്ള ഉറുമ്പുകളെ, പിന്നിൽ കോടികളുടെ കച്ചവടം

 ഒരു ഉറുമ്പിന് 25,000 രൂപവരെ, വാങ്ങുന്നത് 65 രൂപയ്ക്ക്; പിടികൂടിയത് 2,000 ജീവനുള്ള ഉറുമ്പുകളെ, പിന്നിൽ കോടികളുടെ കച്ചവടം

നെയ്റോബി: കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര ഉറുമ്പ് കള്ളക്കടത്ത് സംഘം പിടിയിലായി. ചൈനയിലേക്ക് കടത്താൻ ശ്രമിച്ച ലഗേജിൽ നിന്നും പ്രത്യേക ട്യൂബുകളിലായി സൂക്ഷിച്ചിരുന്ന 2,200 ലധികം ജീവനുള്ള ഉറുമ്പുകളെയാണ് അധികൃതർ കണ്ടെത്തിയത്. ഇതിൽ ലോകത്തിലെ ഏറ്റവും വലിയ ഹാർവെസ്റ്റർ ഉറുമ്പ് വിഭാഗത്തിൽപ്പെട്ട 1,948 ഭീമൻ ആഫ്രിക്കൻ മെസ്സർ സെഫലോട്ടുകളും ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ചൈനീസ് പൗരനായ ഷാങ് കെക്വന് കെനിയൻ കോടതി ഒരു വർഷം തടവും ഏകദേശം 6.5 ലക്ഷം രൂപ പിഴയും വിധിച്ചു.

കെനിയയിൽ വെറും 65 രൂപയ്ക്ക് (100 ഷില്ലിങ്) പ്രാദേശികമായി വാങ്ങുന്ന ഒരു റാണി ഉറുമ്പിന് അന്താരാഷ്ട്ര വിപണിയിൽ 25,000 രൂപ വരെയാണ് വില ലഭിക്കുന്നത്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിദേശ വളർത്തുമൃഗ വിപണികളെയും സമ്പന്ന ഭവനങ്ങളെയും ലക്ഷ്യമിട്ടാണ് ഈ കോടികളുടെ കച്ചവടം നടക്കുന്നത്. കെനിയയിൽ ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. മുൻപ് ബെൽജിയം, വിയറ്റ്നാം സ്വദേശികളും ഇവിടെ ഉറുമ്പ് കടത്തിന് പിടിയിലായിരുന്നു. മുൻപ് നൈവാഷയിലെ ഒരു ഗസ്റ്റ് ഹൗസിൽ നിന്ന് അയ്യായിരത്തോളം ഹാർവെസ്റ്റർ റാണി ഉറുമ്പുകളെ പിടികൂടിയതോടെയാണ് ഈ അനധികൃത വ്യാപാരത്തിന്റെ വ്യാപ്തി പുറത്തുവന്നത്.

യൂറോപ്പിലും ഏഷ്യയിലും വിനോദ ഉപാധിയായി ‘ഫോർമിക്കാറിയം’ അഥവാ ആൻ്റ് ഫാമുകൾ നിർമിച്ച് ഇവയെ വളർത്തുന്നതിനാണ് പ്രധാനമായും ആളുകൾ വാങ്ങുന്നത്. കൂടാതെ ചൈനീസ് പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വാതരോഗ ചികിത്സയ്ക്കും, ചിലയിടങ്ങളിൽ ലൈംഗിക ഉത്തേജക വസ്തുക്കളായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ചുവപ്പും കറുപ്പും നിറമുള്ള ഈ ഇനത്തിലെ റാണികൾക്ക് 25 മില്ലീമീറ്റർ വരെയും മറ്റ് ഉറുമ്പുകൾക്ക് 19 മില്ലീമീറ്റർ വരെയും നീളമുണ്ടാകും. ടെസ്റ്റ് ട്യൂബുകളിലും സിറിഞ്ചുകളിലുമായി നനഞ്ഞ പഞ്ഞി ഉപയോഗിച്ചാണ് കള്ളക്കടത്തുകാർ ഇവയെ ജീവനോടെ സൂക്ഷിക്കുന്നത്. ഇത്തരം ഉറുമ്പുകളെ ആവാസവ്യവസ്ഥയിൽ നിന്ന് വ്യാപകമായി നീക്കം ചെയ്യുന്നത് മണ്ണിന്റെ ആരോഗ്യത്തെയും ജൈവവൈവിധ്യത്തെയും തകർക്കുമെന്നും, ഓൺലൈൻ വഴി നടക്കുന്ന ഈ വ്യാപാരം വൻ ജൈവ അധിനിവേശത്തിന് കാരണമാകുമെന്നും അധികൃതരും പഠനങ്ങളും മുന്നറിയിപ്പ് നൽകുന്നു.

Also read: