12/06/2026
[fontresizer_tawhidurrahmandear_widget]

മധുവിന് നീതി ലഭിക്കുമോ? അട്ടപ്പാടി ആൾക്കൂട്ട കൊലപാതകക്കേസിൽ ഹൈക്കോടതി വിധി ഇന്ന്

 മധുവിന് നീതി ലഭിക്കുമോ? അട്ടപ്പാടി ആൾക്കൂട്ട കൊലപാതകക്കേസിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ അട്ടപ്പാടി മധു ആൾക്കൂട്ട കൊലക്കേസിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പ്രസ്താവിക്കും. തങ്ങളുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികളും, പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും വിചാരണ കോടതി വെറുതെ വിട്ടവരെക്കൂടി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരും മധുവിന്റെ കുടുംബവും നൽകിയ അപ്പീലുകളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറയുക.

വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ കേസിലെ മുഴുവൻ പ്രതികളോടും ഇന്ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ജയിലിൽ കഴിയുന്ന 12 പേരെ കോടതിയിലെത്തിക്കാൻ ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഇതിനുപുറമെ, ജാമ്യത്തിലുള്ള ഒരാളും വിചാരണക്കോടതി വെറുതെ വിട്ട രണ്ട് പേരുമടക്കം ആകെ 16 പേരും ഇന്ന് കോടതിക്ക് മുന്നിലെത്തും. ഹൈക്കോടതിയിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും.

2018 ഫെബ്രുവരി 22-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ചിണ്ടക്കി ഊരിലെ ആദിവാസി യുവാവായ മധുവിനെ (34) പലചരക്ക് സാധനങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ പിടികൂടുകയായിരുന്നു. കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി, ക്രൂരമായി മർദ്ദിച്ച് അട്ടപ്പാടിയിലെ റോഡിലൂടെ നടത്തിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. തുടർന്ന് പോലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് മധു മരിച്ചത്.

മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും സെൽഫിയും പ്രതികൾ തന്നെ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതാണ് കേസിൽ അവർക്കെതിരെയുള്ള ഏറ്റവും നിർണായക ഡിജിറ്റൽ തെളിവായി മാറിയത്. വിചാരണയ്ക്കിടെ 24 പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയത് വലിയ വെല്ലുവിളിയായിരുന്നു. ഒടുവിൽ നിയമപോരാട്ടങ്ങൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ, 2023 ഏപ്രിൽ അഞ്ചിനാണ് മണ്ണാർക്കാട് എസ്‌.സി-എസ്‌.ടി പ്രത്യേക കോടതി കേസിൽ ശിക്ഷ വിധിച്ചത്.

വിചാരണ കോടതി വിധിച്ച ഏഴ് വർഷത്തെ കഠിനതടവ് ഒഴിവാക്കണമെന്നാണ് പ്രതികൾ ഹൈക്കോടതിയിൽ ആവശ്യപ്പെടുന്നത്. ഇതിൽ ഒന്നാം പ്രതിയായ ഹുസൈന് കാട്ടിൽ പോയ സംഘത്തിൽ ഉണ്ടായിരുന്നില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റ് 12 പേരുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

മറുവശത്ത്, പ്രതികൾക്ക് കൊലക്കുറ്റം (IPC 302) ചുമത്തി ജീവപര്യന്തം തടവ് നൽകണമെന്നാണ് സർക്കാരിന്റെയും മധുവിന്റെ കുടുംബത്തിന്റെയും പ്രധാന ആവശ്യം. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെങ്കിൽ അവർ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാകുമെന്നും, അട്ടപ്പാടിയിൽ സ്വൈര്യമായി ജീവിക്കാൻ ഭയമാണെന്നും കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ ഇന്ന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.

Also read: