10/06/2026
[fontresizer_tawhidurrahmandear_widget]

’14 വയസ്സിന് മുകളിലുള്ള പശുക്കളെയും അറുക്കരുത്’; സുവേന്ദു സർക്കാരിനെതിരെ ജമ്മുവിൽ ബജ്‌രംഗ് ദൾ പ്രതിഷേധം

 ’14 വയസ്സിന് മുകളിലുള്ള പശുക്കളെയും അറുക്കരുത്’; സുവേന്ദു സർക്കാരിനെതിരെ ജമ്മുവിൽ ബജ്‌രംഗ് ദൾ പ്രതിഷേധം

ജമ്മു: പശ്ചിമ ബംഗാളിൽ 14 വയസ്സിന് മുകളിലുള്ള പശുക്കളെ അറുക്കാൻ അനുമതി നൽകുന്ന ബി.ജെ.പി സർക്കാരിന്റെ നയത്തിനെതിരെ ജമ്മുവിൽ ബജ്‌രംഗ് ദളിന്റെ ശക്തമായ പ്രതിഷേധം. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കോലം കത്തിച്ചുകൊണ്ടാണ് തീവ്ര ഹൈന്ദവ സംഘടനകൾ തെരുവിലിറങ്ങിയത്. പ്രായത്തിന്റെ പേരിൽ യാതൊരുവിധ ഇളവുകളും നൽകരുതെന്നും പശുക്കളെ അറുക്കുന്നത് പൂർണ്ണമായി നിരോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

1950-ലെ മൃഗസംരക്ഷണ നിയമം മുൻനിർത്തി, 14 വയസ്സിന് താഴെയുള്ള പശുക്കൾ, കാളകൾ, കിടാങ്ങൾ, എരുമകൾ എന്നിവയെ അറുക്കുന്നത് ബം​ഗാൾ സർക്കാർ പൂർണ്ണമായി നിരോധിച്ചിരുന്നു. എന്നാൽ, 14 വയസ്സിന് മുകളിലുള്ളതും പ്രായക്കൂടുതലോ പരിക്കോ കാരണം ഇനി ഒന്നിനും ഉപയോഗിക്കാൻ കഴിയാത്തതുമായ കന്നുകാലികളെ, ഉദ്യോഗസ്ഥരുടെ പ്രത്യേക സർട്ടിഫിക്കറ്റുകളോടെ അംഗീകൃത കശാപ്പുശാലകളിൽ അറുക്കാമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

സർക്കാരിന്റെ ഈ ഇളവാണ് ബജ്‌രംഗ് ദളിനെ ചൊടിപ്പിച്ചത്. 14 വയസ്സിന് മുകളിലുള്ള പശുക്കളെ അറുക്കാൻ അനുമതി നൽകുന്നത് ‘ഗോമാതാവിനെ’ സംരക്ഷിക്കുന്ന കാര്യത്തിൽ ബി.ജെ.പി സർക്കാർ വരുത്തുന്ന വലിയ വിട്ടുവീഴ്ചയാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. മൃഗക്ഷേമം മുൻനിർത്തിയാണ് സർക്കാർ ഈ നടപടിയെടുത്തതെന്ന് വിശദീകരിക്കുമ്പോഴും, ബംഗാൾ സർക്കാരിന്റെ തീരുമാനത്തിനെതിരെ ജമ്മുവിന് പുറമെ മറ്റ് പലയിടങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറുന്നുണ്ട്.

അതേസമയം, സർക്കാരിന്റെ ഈ പുതിയ ഉത്തരവും സർട്ടിഫിക്കറ്റ് നിബന്ധനകളും കന്നുകാലി വിപണിയെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. പരിശോധനകൾ കർശനമാക്കിയതോടെ ഈ വർഷം ബലി കർമ്മങ്ങൾക്കായി പശുക്കളെ വാങ്ങേണ്ടതില്ലെന്ന് പല മുസ്ലിം കുടുംബങ്ങളും തീരുമാനിച്ചിരുന്നു. ഇത് പെരുന്നാൾ വിപണി ലക്ഷ്യമിട്ട് കന്നുകാലികളെ വളർത്തിയ ഹിന്ദു കർഷകരെയും വ്യാപാരികളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇതിനിടെ, പശുക്കളെ ബലി നൽകുന്നത് മതപരമായ അവിഭാജ്യ ആചാരമല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് കൊൽക്കത്ത ഹൈക്കോടതി സർക്കാരിന്റെ ഈ നിയന്ത്രണങ്ങളെ ശരിവെച്ചിട്ടുണ്ട്. എന്നാൽ, പരമ്പരാഗതമായ ആചാരങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ട് സർക്കാർ അനാവശ്യമായി വർഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണെന്നാണ് പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് വിമർശിക്കുന്നത്.

Also read: