“സ്വന്തം അപ്പനെ കൊല്ലാൻ ശ്രമിച്ചെന്നു വരെ കേട്ടു, നിർഭാഗ്യവാനായ മകനാണ് ഞാൻ”; വികാരാധീനനായി ചാണ്ടി ഉമ്മൻ
കോട്ടയം: മന്ത്രിസ്ഥാനത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ച് തന്നെ ഒരു പാർട്ടി വിരുദ്ധനാക്കി ചിത്രീകരിക്കരുതെന്ന് മാധ്യമങ്ങളോട് വികാരാധീനനായി അഭ്യർത്ഥിച്ച് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. കഴിഞ്ഞ നാല് ദിവസമായി താൻ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, തന്നെ ഇനിയും അപമാനിക്കരുതെന്നും അദ്ദേഹം പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. പുതുപ്പള്ളിയിലെ ചരിത്ര വിജയത്തിന് ശേഷം വോട്ടർമാർക്ക് നന്ദി അറിയിക്കാനായി തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്രയ്ക്ക് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ ഈ വൈകാരിക പ്രതികരണം. യാത്രാമധ്യേ വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണമാണ് അണികൾ ചാണ്ടി ഉമ്മനായി ഒരുക്കിയിരിക്കുന്നത്.
തനിക്ക് യാതൊരുവിധ മന്ത്രിസ്ഥാന മോഹങ്ങളുമില്ലെന്നും മാധ്യമങ്ങളാണ് തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 26 വർഷമായി കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സാധാരണ പ്രവർത്തകനായി, യാതൊരുവിധ സ്ഥാനമാനങ്ങളും ആഗ്രഹിക്കാതെയാണ് താൻ പാർട്ടിയെ സേവിച്ചത്. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതിനെക്കുറിച്ച് ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. സ്വന്തം പിതാവിനെ കൊല്ലാൻ ശ്രമിച്ച മകനാണ് താനെന്ന തരത്തിൽ വരെ ക്രൂരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉയർന്നു വന്നിട്ടുണ്ടെന്നും, ഇനിയെങ്കിലും അത്തരം കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തേക്കുള്ള തന്റെ യാത്ര ഒരു തരത്തിലുമുള്ള ശക്തിപ്രകടനമോ ആർക്കെങ്കിലുമുള്ള വെല്ലുവിളിയോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രാമധ്യേ തനിക്കായി ആരും അനൗൺസ്മെന്റുകളോ വലിയ രീതിയിലുള്ള പബ്ലിസിറ്റിയോ നൽകാൻ പാടില്ല. പലയിടങ്ങളിലും തന്റെ പേരിൽ ഉയർന്നുവന്ന ഫ്ലെക്സ് ബോർഡുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. അണികൾ അമിതാവേശത്തോടെ വാഹനത്തിന് ചുറ്റും കൂടിയാൽ താൻ വണ്ടിയിൽ നിന്ന് പുറത്തിറങ്ങില്ലെന്നും, ദൂരെ നിന്ന് കൈവീശി കാണിച്ച് യാത്രയാകാൻ മാത്രമേ സാധിക്കൂ എന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു.