11/05/2026
[fontresizer_tawhidurrahmandear_widget]

‘3 സീറ്റുകൾ ബിജെപി നേടിയത് നിസ്സാരമല്ല, കേരളത്തിലെ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവും’; പോളിറ്റ് ബ്യൂറോ വിലയിരുത്തൽ

 ‘3 സീറ്റുകൾ ബിജെപി നേടിയത് നിസ്സാരമല്ല, കേരളത്തിലെ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരവും’; പോളിറ്റ് ബ്യൂറോ വിലയിരുത്തൽ

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഇടതുപക്ഷത്തിന്റെ പരാജയം അപ്രതീക്ഷിതവും അതീവ ഗൗരവകരവുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ ചേർന്ന പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ ബിജെപി മൂന്ന് സീറ്റുകൾ നേടിയത് നിസ്സാരമായി കാണാനാവില്ലെന്നും പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി ആഴത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ കേന്ദ്രം ശ്രമിച്ചതും തെരഞ്ഞെടുപ്പിനെ ബാധിച്ചതായി പിബി നിരീക്ഷിച്ചു. പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്താണ് ബിജെപി നേട്ടമുണ്ടാക്കിയതെന്ന് എം.എ. ബേബി വിമർശിച്ചു. ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ വോട്ടർമാരെ നീക്കം ചെയ്തതിനെ ‘സ്പെഷ്യൽ ഇൻ്റെൻസീവ് റിമൂവൽ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പിബി യോഗത്തിന് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങവെ, ചോദ്യങ്ങളോട് ചിരിച്ചുകൊണ്ട് “പിന്നെ കാണാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തോൽവിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന കാര്യത്തിൽ കേരളത്തിൽ തീരുമാനമുണ്ടാകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി. രണ്ട് ദിവസം നീണ്ട പിബി യോഗത്തിൽ കേരളത്തിലെയും ബംഗാളിലെയും തിരിച്ചടികൾ സംബന്ധിച്ച റിപ്പോർട്ടുകൾ വിശദമായി ചർച്ച ചെയ്തു.

Also read: