ലാമിൻ യമാലിന് ഗസ്സയുടെ സ്നേഹാദരം; തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ഫലസ്തീൻ പതാകയുമായി നൽക്കുന്ന താരത്തിന്റെ ചുവർചിത്രം ഒരുക്കി കലാകാരന്മാർ
ഗസ്സ: ഗസ്സ മുനമ്പിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നും ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഒരു ചിത്രം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫുട്ബോൾ ലോകത്തിലെ മിന്നും താരമായ ലാമിൻ യമാലിന്റെ ചുവർചിത്രമാണ് ഗസ്സയിലെ കലാകാരന്മാർ ഒരുക്കിയിരിക്കുന്നത്. ബാർസലോണയുടെ ലാലിഗ കിരീട വിജയത്തിന് പിന്നാലെ നടന്ന ആഘോഷ പരിപാടികൾക്കിടയിൽ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യമാലിന്റെ ചില നീക്കങ്ങളാണ് ഗസ്സയിലെ ജനങ്ങളെ ഇത്തരമൊരു സ്നേഹപ്രകടനത്തിന് പ്രേരിപ്പിച്ചത്.
ഫലസ്തീൻ പതാക കൈയിലേന്തി നിൽക്കുന്ന ലാമിൻ യമാലിന്റെ മനോഹരമായ ചുവർചിത്രം ഗസ്സ സിറ്റിയിലെ തകർന്നടിഞ്ഞ ഒരു ചുമരിലാണ് ഫലസ്തീൻ കലാകാരന്മാർ വരച്ചുചേർത്തത്. കിരീടനേട്ടത്തിന് ശേഷമുള്ള പരേഡിൽ താരം ഫലസ്തീൻ പതാക പ്രദർശിപ്പിച്ചതും ഐക്യദാർഢ്യം പ്രഖ്യാപിച്ചതും ഗസ്സയിലെ ജനങ്ങൾക്ക് വലിയ ആശ്വാസവും ആവേശവുമാണ് നൽകിയിരിക്കുന്നത്.
ഫുട്ബോളിന് വലിയ ജനപ്രീതിയുള്ള ഗസ്സയിൽ യുദ്ധക്കെടുതികൾക്കിടയിലും തങ്ങളെ ലോകത്തിന് മുന്നിൽ ചേർത്തുപിടിക്കുന്ന കായിക താരങ്ങളോടുള്ള നന്ദി സൂചകമായാണ് ഈ കലാസൃഷ്ടി ഒരുക്കിയതെന്ന് പ്രാദേശിക കലാകാരന്മാർ വ്യക്തമാക്കുന്നു. ഇതിനോടകം തന്നെ ഈ ചുവർചിത്രത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കായിക രംഗത്തെ പ്രമുഖർ രാഷ്ട്രീയവും മാനുഷികവുമായ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത് അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വലിയ കരുത്ത് നൽകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ സംഭവം മാറുകയാണ്.
ബാഴ്സലോണയുടെയും സ്പെയിനിന്റെയും മിന്നും താരമായ യമാൽ തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിപ്പിച്ചിരിക്കുകയാണ്. തകർക്കപ്പെട്ട നഗരത്തിൽ പുഞ്ചിരിയോടെ നിൽക്കുന്ന യമാലിന്റെ ചിത്രം സമാധാനത്തിന്റെയും അതിജീവനത്തിന്റെയും പുതിയൊരു പ്രതീക്ഷയാണ് ഗസ്സയിലെ ജനങ്ങൾക്ക് പകരുന്നത്.