12/06/2026
[fontresizer_tawhidurrahmandear_widget]

‘ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ പെടുത്തണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു’: മൊഴി നൽകി കോൺഗ്രസ് നേതാവ്

 ‘ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ പെടുത്തണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു’: മൊഴി നൽകി കോൺഗ്രസ് നേതാവ്

കൊട്ടാരക്കര: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതി ചേർക്കാൻ മുൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അതിജീവിതയോട് നേരിട്ട് ആവശ്യപ്പെട്ടുവെന്ന് കെപിസിസി അംഗം സി.ആർ. നജീബ് കോടതിയിൽ മൊഴി നൽകി. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ.ആർ. അർജുൻരാജിന് മുമ്പാകെയാണ് നജീബ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

2015 മെയ് മാസത്തിൽ ഗണേഷ് കുമാറിന്റെ പഴ്‌സനൽ സ്റ്റാഫ് അംഗമായിരുന്ന എസ്.ഇ. സഞ്ജയ്ഖാനൊപ്പം പത്തനാപുരത്തെ പാർട്ടി ഓഫീസിൽ എത്തിയപ്പോഴാണ് താൻ ഈ ഗൂഢാലോചനയ്ക്ക് സാക്ഷിയായതെന്ന് നജീബ് വ്യക്തമാക്കി. കുടുംബപ്രശ്നങ്ങളെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഉമ്മൻ ചാണ്ടിയോട് സമ്മർദ്ദം ചെലുത്തണമെന്ന് ഗണേഷ് നജീബിനോട് ആവശ്യപ്പെട്ടിരുന്നു.

നജീബ് ഓഫീസിലെത്തുമ്പോൾ സോളർ കേസിലെ അതിജീവിതയും അവിടെയുണ്ടായിരുന്നു. ‘ഉമ്മൻ ചാണ്ടിയെക്കൂടി സോളർ പീഡന കേസിൽ ഉൾപ്പെടുത്തണം, അല്ലെങ്കിൽ നമ്മുടെ പദ്ധതി ശരിയാകില്ല. ബാക്കിയെല്ലാം നിന്റെ കയ്യിലാണ്’ എന്ന് ഗണേഷ്‌കുമാർ അതിജീവിതയോട് പറയുന്നത് താൻ കേട്ടു എന്നാണ് മൊഴി. ഇത് കേട്ട് തലയാട്ടി സമ്മതിച്ചുകൊണ്ടാണ് അവർ അവിടെ നിന്ന് പോയതെന്നും നജീബ് പറഞ്ഞു. ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടാത്തതിനാൽ അദ്ദേഹത്തിന്റെ പിഎയെ വിവരം ധരിപ്പിച്ചിരുന്നു.

കേസിന്റെ പശ്ചാത്തലം

സോളർ അന്വേഷണ കമ്മീഷന് മുമ്പാകെ പരാതിക്കാരി നൽകിയ കത്തിൽ നാല് പേജുകൾ ഗൂഢാലോചനയിലൂടെ കൂട്ടിച്ചേർത്തു എന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയിലാണ് ഇപ്പോൾ കോടതിയിൽ വിചാരണ പുരോഗമിക്കുന്നത്. ഈ കേസിൽ അതിജീവിതയാണ് ഒന്നാം പ്രതി; കെ.ബി. ഗണേഷ്‌കുമാർ രണ്ടാം പ്രതിയുമാണ്. ഗണേഷ്‌കുമാറിന് വേണ്ടി അഡ്വ. ഷൈൻ പ്രഭ കോടതിയിൽ ഹാജരായി. കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

അന്നത്തെ എസ്.ഐയുടെ മൊഴി

സോളർ കേസിലെ പരാതിക്കാരി 2013 ജൂലൈ 29-ന് എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ ഭീഷണി പരാതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങളും കോടതിയിൽ സമർപ്പിക്കപ്പെട്ടു. ഈ പരാതിയിൽ മുൻ ഭർത്താവ് ബിജു രാധാകൃഷ്ണൻ, നടി ശാലു മേനോൻ എന്നിവരുടെ പേരുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അന്നത്തെ ടൗൺ നോർത്ത് എസ്.ഐയും കേസിലെ മറ്റൊരു സാക്ഷിയുമായ കെ.എ. മുഹമ്മദ് നിസാർ കോടതിയെ അറിയിച്ചു. നിലവിൽ തൃശൂർ ക്രൈംബ്രാഞ്ച് എസിപിയാണ് നിസാർ.

Also read: