അറബിക്കടലിൽ എഞ്ചിൻ തകർന്ന് ഇന്ത്യൻ കപ്പൽ കുടുങ്ങി; പിന്നാലെ സഹായവുമായി കുതിച്ചെത്തി പാക് നാവികസേന
മുംബൈ: അറബിക്കടലിൽ സാങ്കേതിക തകരാറിനെത്തുടർന്ന് അപകടത്തിൽപ്പെട്ട ഇന്ത്യൻ ചരക്കുകപ്പലിന് സഹായവുമായി പാകിസ്താൻ നാവികസേന. ഗുജറാത്തിലെ പോർബന്ദറിൽ നിന്നും മസ്കറ്റിലേക്ക് പോവുകയായിരുന്ന ‘എംവി ഗൗതം’ എന്ന കപ്പലിനെയാണ് പാക് സേന രക്ഷപ്പെടുത്തിയത്. ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യൻ പൗരനുമടക്കം ഏഴ് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
യാത്രയ്ക്കിടെ എൻജിൻ തകരാറിലായതോടെ നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ കടലിൽ ഒഴുകി നടക്കുകയായിരുന്നു. തുടർന്ന് കപ്പലിൽ നിന്നും അടിയന്തര സഹായ അഭ്യർത്ഥന പുറപ്പെടുവിച്ചു. സന്ദേശം ആദ്യം ലഭിച്ചത് മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെൻ്ററിലാണ്. ഇവിടെ നിന്നാണ് പാകിസ്താനിലേക്ക് വിവരമറിയിച്ചത്.
ഈ സമയം അറബിക്കടലിൽ നിരീക്ഷണത്തിലുണ്ടായിരുന്ന പാകിസ്താൻ നാവികസേനാ കപ്പൽ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. കപ്പലിലെ ജീവനക്കാർക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവ പാക് ഉദ്യോഗസ്ഥർ ലഭ്യമാക്കി. സമുദ്രത്തിലെ അപകടസാഹചര്യങ്ങളിൽ പാലിക്കേണ്ട അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് പാക് സേന ഇടപെട്ടത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങൾ നിലനിൽക്കെ, പാക് നാവികസേന നടത്തിയ ഈ രക്ഷാപ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ട 18 വിദേശ കപ്പൽ ജീവനക്കാരെ പാക് സേന രക്ഷപ്പെടുത്തിയിരുന്നു.