മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയും ഖാർഗെയുമായി കൂടിക്കാഴ്ച്ച; ഹൈക്കമാൻഡിന് മുന്നിൽ ഡിമാൻ്റുകളുടെ പട്ടിക നിരത്തി സിദ്ധരാമയ്യ
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഡൽഹിയിലെത്തി പാർട്ടി ഹൈക്കമാൻഡുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന പുതിയ മന്ത്രിസഭയിൽ തന്റെ മകൻ യതീന്ദ്ര സിദ്ധരാമയ്യക്ക് സുപ്രധാന വകുപ്പ് നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുടെ വലിയൊരു പട്ടിക തന്നെ അദ്ദേഹം ഹൈക്കമാൻഡിന് മുന്നിൽ സമർപ്പിച്ചതായാണ് വിവരം.
തന്റെ മകനും എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് പുതിയ കാബിനറ്റിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം ഉറപ്പാക്കുകയാണ് സിദ്ധരാമയ്യയുടെ ലക്ഷ്യം. മെഡിക്കൽ വിദ്യാഭ്യാസം, പിന്നാക്ക ക്ഷേമം എന്നിവയോ അതല്ലെങ്കിൽ മുൻപ് ഡി.കെ. ശിവകുമാർ കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പോ വ്യവസായ വകുപ്പോ മകന് നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം രാജ്യസഭയിലേക്കും എം.എൽ.സി സ്ഥാനങ്ങളിലേക്കുമുള്ള തന്റെ അനുയായികളുടെ ശിപാർശപ്പട്ടികയും സിദ്ധരാമയ്യ ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കർണാടകയിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ദീർഘനാളായി നിലനിന്നിരുന്ന അധികാരത്തർക്കങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞത്. പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ചുമതലയേൽക്കാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ സ്വാധീനവും അനുയായികളുടെ സ്ഥാനമാനങ്ങളും നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താനാണ് സിദ്ധരാമയ്യയുടെ ഈ അടിയന്തര ഡൽഹി സന്ദർശനം എന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. കൂടുതൽ ചർച്ചകൾക്കായി ഡി.കെ. ശിവകുമാറും ഡൽഹിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ പുതിയ കർണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
അതേസമയം, മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയ്ക്ക് പാർട്ടി ഹൈക്കമാൻഡ് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയ പദവികളും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. കേന്ദ്ര രാഷ്ട്രീയത്തിലേക്ക് മാറുന്നതിനേക്കാൾ കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരാനാണ് സിദ്ധരാമയ്യ താല്പര്യപ്പെടുന്നത്.