മതസൗഹാർദത്തിന് മാതൃകയായി താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് അസ്കർ; ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി സൗജന്യമായി നൽകി
തിരൂർ: മതസൗഹാർദത്തിന്റെയും മാനവികതയുടെയും ഉദാത്തമായ മാതൃകയുമായി താനാളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ അസ്കർ. കേരളാധീശ്വരപുരം മൂലക്കൽ ചേന്ദംകുളങ്ങര തണ്ണീർ ഭഗവതീക്ഷേത്രത്തിന് നാഗത്തറ നിർമിക്കാനായി രണ്ടേകാൽ സെന്റ് ഭൂമിയാണ് അദ്ദേഹം സൗജന്യമായി വിട്ടുനൽകിയത്. ഏകദേശം ആറുലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ ഭൂമി.
നാടിന്റെ ഐക്യവും സൗഹൃദവും നിലനിർത്താൻ ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും നന്മനിറഞ്ഞ കാര്യങ്ങൾക്കായി എല്ലാവരും മുന്നോട്ടുവരണമെന്നും അസ്കർ പറഞ്ഞു. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ഭൂമി ഉപയോഗിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഭൂമിയുടെ രേഖകൾ ക്ഷേത്രഭാരവാഹി കെ. കുട്ടികൃഷ്ണന് അദ്ദേഹം കൈമാറി.
ഇതാദ്യമായല്ല അസ്കർ പൊതുപ്രവർത്തനത്തിനായി സ്വന്തം ഭൂമി നൽകുന്നത്. നാലുവർഷം മുൻപ് അങ്കണവാടി നിർമാണത്തിനായി മൂന്ന് സെന്റ് ഭൂമി അദ്ദേഹം നൽകിയിരുന്നു. കൂടാതെ, പിതാവ് സി.പി അബൂബക്കറിന്റെ സ്മരണാർത്ഥം റോഡ് നിർമിക്കാനായി അസ്കറും കുടുംബവും ചേർന്ന് 12 സെന്റ് ഭൂമിയും വിട്ടുനൽകിയിട്ടുണ്ട്. സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ‘വിമൺ ഗ്യാലക്സി’ കാറ്ററിങ് യൂണിറ്റിന് അടുക്കള നിർമിച്ചു നൽകുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. നടക്കാവ് മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറി കൂടിയാണ് അസ്കർ.
ചടങ്ങിൽ മഹല്ല് ഖാസി കുഞ്ഞാമു ഫൈസി, ക്ഷേത്ര പൂജാരി അശോകൻ ശ്രീകൃഷ്ണപുരം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി തുടങ്ങി നിരവധി സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.