വെനസ്വേല ഇനി അമേരിക്കൻ സംസ്ഥാനമോ? ട്രംപിന്റെ പ്രസ്താവന ചർച്ചയാകുന്നു
വാഷിങ്ടൺ: വെനസ്വേലയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് പരസ്യപ്രസ്‌താവനയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മദുറോ നാടകീയമായി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം. തിങ്കളാഴ്‌ച ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ, വെനസ്വേലയെ യു.എസ് സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി.
വെനസ്വേലയിലെ എണ്ണസമ്പത്തിനെ പ്രത്യേകമായി പരാമർശിച്ച ട്രംപ്, “വെനസ്വേല ട്രംപിനെ സ്നേഹിക്കുന്നു” എന്നും അവകാശപ്പെട്ടു. ഇതിന് പിന്നാലെ ട്രൂത്ത് സോഷ്യലിലും വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും വെനസ്വെലയുടെ ഭൂപടത്തിന് മുകളിൽ അമേരിക്കൻ പതാക പതിപ്പിച്ച ഗ്രാഫിക് പങ്കുവെച്ചത് ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. നേരത്തെ ഗ്രീൻലാൻഡ്, കാനഡ എന്നിവയെക്കുറിച്ചും ട്രംപ് സമാനമായ പ്രസ്താവനകൾ നടത്തിയിരുന്നു.
ഈ വർഷം ആദ്യം നടന്ന ‘ഓപറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്ന സൈനിക നീക്കത്തിലൂടെ നിക്കോളാസ് മദുറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടിയിരുന്നു. നിലവിൽ മുൻ വൈസ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസാണ് വെനസ്വേലയുടെ താൽക്കാലിക പ്രസിഡൻ്റ്. മദുറോയുടെ പുറത്താക്കലിന് ശേഷം വെനസ്വേലയുടെ എണ്ണ കയറ്റുമതി 2018-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്. ഇത് അമേരിക്കൻ ഇടപെടലിന്റെ വിജയമായാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്.
യുഎസ് ഭരണഘടനയുടെ ആർട്ടിക്കിൾ IV പ്രകാരം പുതിയ സംസ്ഥാനങ്ങളെ ചേർക്കാൻ കോൺഗ്രസിന് അധികാരമുണ്ടെങ്കിലും വെനസ്വേലയുടെ കാര്യത്തിൽ ഇത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. താൽക്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഈ നീക്കത്തെ ശക്തമായി എതിർത്തു.വെനസ്വേലക്കാർ തങ്ങളുടെ സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നുവെന്നും പരമാധികാരം വിട്ടുകൊടുക്കില്ലെന്നും അവർ വ്യക്തമാക്കി. മുൻപ് അലാസ്‌കയും ഹവായും യുഎസ് സംസ്ഥാനങ്ങളായി മാറിയ ചരിത്രമുണ്ടെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ട്രംപിൻ്റെ നീക്കം വലിയ നയതന്ത്ര അനിശ്ചിതത്വങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.