‘ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്‌സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം’: പ്രവർത്തകരോട് അഭ്യർഥനയുമായി വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കുന്ന നടപടികളിൽ നിന്ന് പ്രവർത്തകർ പിന്തിരിയണമെന്ന് വി.ഡി. സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ തന്നെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
102 സീറ്റുകൾ നേടി കോൺഗ്രസും യു.ഡി.എഫും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയതെന്ന് അദ്ദേഹം കുറിച്ചു. ഈ അഭിമാന നിമിഷത്തിൽ പാർട്ടിക്കോ മുന്നണിക്കോ ദോഷകരമാകുന്ന ഒരു പ്രവർത്തിയും ആരുടെയും ഭാഗത്തുനിന്നുണ്ടാകരുത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള എ.ഐ.സി.സി നടപടികൾ പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും പോസ്റ്ററുകളും ഒഴിവാക്കി അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം അണികളോട് അഭ്യർത്ഥിച്ചു.
പാർട്ടിക്കുള്ളിലെ ഐക്യത്തിന് മുൻഗണന നൽകണമെന്നും ഇത്തരം അനാവശ്യ പ്രവണതകളിൽ നിന്ന് കോൺഗ്രസ്-യു.ഡി.എഫ് പ്രവർത്തകർ പിന്മാറണമെന്നും അദ്ദേഹം സ്നേഹപൂർവ്വം ആവശ്യപ്പെട്ടു.