‘മുഖ്യമന്ത്രി കരയരുത്’; ജി. കാർത്തികേയന്റെ വീട്ടിലെത്തി വികാരാധീനനായി വി.ഡി സതീശൻ; ആശ്വസിപ്പിച്ച് സുലേഖ ടീച്ചർ
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി തന്റെ രാഷ്ട്രീയ ഗുരുവായ പരേതനായ ജി. കാർത്തികേയന്റെ വസതിയിലെത്തി വികാരാധീനനായി വി.ഡി. സതീശൻ. “ആകെ എനിക്ക് കടപ്പാടുള്ളത് സാറിനോടാണ്” എന്ന് പറഞ്ഞ് വിതുമ്പിയ സതീശനെ, “മുഖ്യമന്ത്രി കരയാൻ പാടില്ല” എന്ന് പറഞ്ഞ് പുറത്തുതട്ടി ആശ്വസിപ്പിക്കുകയായിരുന്നു ജി. കാർത്തികേയന്റെ ഭാര്യ എം.ടി. സുലേഖ. തന്റെ രാഷ്ട്രീയ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച കുടുംബത്തോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനാണ് സതീശൻ തിരുവനന്തപുരത്തെ കാർത്തികേയന്റെ വീട്ടിലെത്തിയത്.
ജി. കാർത്തികേയൻ എന്ന വലിയ മനുഷ്യന്റെ വിരൽതുമ്പിൽ തൂങ്ങിയാണ് താൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് സതീശൻ പറഞ്ഞു. 1996-ലും 2001-ലും തന്നെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് എ.കെ. ആന്റണിയോടും കെ. കരുണാകരനോടും നേരിട്ട് ആവശ്യപ്പെട്ടത് കാർത്തികേയൻ സാറായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു. “എന്റെ കുടുംബമാണിത്, ഇവിടുത്തെ മൂത്ത മകനാണ് ഞാൻ. ഇവിടെ വന്നില്ലെങ്കിൽ ഞാൻ പിന്നെ മറ്റെവിടെ പോകാനാണ്?” എന്ന് ചോദിക്കുമ്പോൾ നിയുക്ത മുഖ്യമന്ത്രിയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ജി.കെ.യുടെ മക്കൾ തനിക്ക് സഹോദരങ്ങളെപ്പോലെയാണെന്നും ഈ വീട് തന്റെ സ്വന്തം ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. കരുണാകരനെയും ഉമ്മൻചാണ്ടിയെയും പോലെ പാവപ്പെട്ട ജനങ്ങളെ ചേർത്തുപിടിക്കുന്ന, കേരളം എന്നും ഓർക്കുന്ന മികച്ചൊരു മുഖ്യമന്ത്രിയാകാൻ സതീശന് സാധിക്കട്ടെ എന്ന് സുലേഖ ടീച്ചർ ആശംസിച്ചു. ശബരിനാഥൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോടൊപ്പം ഏറെ നേരം ചിലവഴിച്ച അദ്ദേഹം കുട്ടികൾക്കൊപ്പം കളിച്ചും സമയം കണ്ടെത്തി. ഒരു കുടുംബനാഥന്റെ സ്നേഹവാത്സല്യങ്ങളോടെ സമയം ചിലവഴിച്ച ശേഷമാണ് വി.ഡി. സതീശൻ മടങ്ങിയത്.