12/06/2026
[fontresizer_tawhidurrahmandear_widget]

‘നാവികരെ കൊന്ന കൊലപാതകികളുമായി മോദി പുഞ്ചിരിച്ച് കൈകോർക്കും, ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിയില്ല’; രാഹുൽ ഗാന്ധി

 ‘നാവികരെ കൊന്ന കൊലപാതകികളുമായി മോദി പുഞ്ചിരിച്ച് കൈകോർക്കും, ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിയില്ല’; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ യുഎസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത വിധം പ്രധാനമന്ത്രി വിട്ടുവീഴ്ചകൾക്ക് തയ്യാറായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര ജലാശയത്തിൽ മൂന്ന് ദിവസത്തിനിടെ മൂന്ന് കപ്പലുകൾക്ക് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. ഇത്രയും വലിയൊരു സംഭവം ഉണ്ടായിട്ടും പ്രധാനമന്ത്രി ഒരു വാക്ക് പോലും ഉച്ചരിക്കാത്തത് നിർഭാഗ്യകരമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അടുത്ത ആഴ്ച നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുന്ന പ്രധാനമന്ത്രി, ഇന്ത്യൻ നാവികരുടെ കൊലപാതകത്തിന് കാരണക്കാരായവരുമായി പുഞ്ചിരിക്കുകയും ആലിംഗനം ചെയ്യുകയും കരാറുകളിൽ ഒപ്പിടുകയും ചെയ്യും. ഭാരതമാതാവിന്റെ മക്കളുടെ ജീവൻ അപഹരിച്ചവരെ നേരിടാനുള്ള ധൈര്യമോ ശക്തിയോ അദ്ദേഹത്തിനില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഇറാനെതിരായ യുഎസ് നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ഒമാൻ ഉൾക്കടലിൽ ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന മൂന്ന് വ്യാപാര കപ്പലുകൾക്ക് നേരെ യുഎസ് നാവികസേന ആക്രമണം നടത്തിയത്. പലാവു പതാകയുള്ള എണ്ണ ടാങ്കറുകളായ മാരിവെക്സ്, സെറ്റെബെല്ലോ എന്നിവയ്ക്ക് നേരെ ജൂൺ 8, 10 തീയതികളിലും, ഗിനിയ-ബിസാവു പതാകയുള്ള ബിറ്റുമെൻ ടാങ്കർ എം.ടി ജൽവീറിന് നേരെ വ്യാഴാഴ്ചയുമാണ് ആക്രമണമുണ്ടായത്.

എം.ടി.സെറ്റെബെല്ലോ എന്ന കപ്പലിലെ ജീവനക്കാരായ ആദിത്യ ശർമ്മ, സുരേഷ് പട്‌നാല, ശിവാനന്ദ് ചൗരസ്യ എന്നീ മൂന്ന് ഇന്ത്യൻ നാവികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണത്തെ തുടർന്ന്, ലോകത്തിലെ അസംസ്‌കൃത എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇതിനെതിരെ വാഷിങ്ടൺ ഏർപ്പെടുത്തിയ നാവിക ഉപരോധമാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം. ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും മേഖലയിൽ ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്.

Also read: