നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താൻ പശ്ചിമ ബംഗാളിൽ ‘ഹോൾഡിംഗ് സെൻ്ററുകൾ’ വരുന്നു; ഉത്തരവുമായി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ‘ഹോൾഡിംഗ് സെൻ്ററുകൾ’ (താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ) സ്ഥാപിക്കാൻ സർക്കാർ ഉത്തരവ്. ഇതിനായി എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും മുഖ്യമന്ത്രി സുവേന്ദു അധികാരി കർശന നിർദേശം നൽകി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുക എന്ന ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സർക്കാർ ഇതിലൂടെ നടപ്പിലാക്കുന്നത്.
സംസ്ഥാന ആഭ്യന്തര വകുപ്പാണ് ശനിയാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക നിർദേശം പുറത്തിറക്കിയത്. ഇന്ത്യയിൽ അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശ് പൗരന്മാർ, റോഹിങ്ക്യകൾ, കൂടാതെ ജയിൽ ശിക്ഷ പൂർത്തിയാക്കിയിട്ടും നാടുകടത്തൽ നടപടികൾ പൂർത്തിയാകാത്ത വിദേശ തടവുകാർ എന്നിവരെ പാർപ്പിക്കാനാണ് ജില്ലകൾ തോറും ഈ താൽക്കാലിക കേന്ദ്രങ്ങൾ ഒരുക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം, പിടിയിലാകുന്ന നുഴഞ്ഞുകയറ്റക്കാരെ ഇനി മുതൽ പ്രാദേശിക കോടതികളിൽ ഹാജരാക്കില്ല. പകരം സംസ്ഥാന പോലീസോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സോ (ആർ.പി.എഫ്) കസ്റ്റഡിയിലെടുക്കുന്ന കുടിയേറ്റക്കാരെ നേരിട്ട് അതിർത്തി രക്ഷാസേനയ്ക്ക് (ബി.എസ്.എഫ്) കൈമാറും. തുടർന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർ ബംഗ്ലാദേശ് അതിർത്തി സുരക്ഷാ സേനയുമായി (ബി.ജി.ബി) ആശയവിനിമയം നടത്തി ഇവരെ അതിർത്തി കടത്തിവിടും.
കുടിയേറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2025 മെയ് മാസത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ അന്ന് ഭരിച്ചിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ ഇത് നടപ്പിലാക്കാൻ തയ്യാറായില്ലെന്ന് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലേറിയതോടെയാണ് കേന്ദ്ര നിർദേശം ശക്തമായി നടപ്പിലാക്കാൻ തുടങ്ങിയത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാത്തവരെല്ലാം അനധികൃത കുടിയേറ്റക്കാരാണെന്നും, അവരെ പോലീസ് പിടികൂടി ബി.എസ്.എഫിനെ ഏൽപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരെ ‘കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക’ എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു. ഇതിനുപുറമെ, നുഴഞ്ഞുകയറ്റം തടയാൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിനായി 27 കിലോമീറ്റർ ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ബി.എസ്.എഫുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.